WELCOME
Friday, June 21, 2013
പാലം പണി എങ്ങുമെത്തുന്നില്ല; ഉണ്ടായിരുന്ന കടത്തുവള്ളവും നിലച്ചു, ചെല്ലഞ്ചി നിവാസികള്‍ ദുരിതത്തില്‍
പാലോട്. വാമനപുരം നദിക്കു കുറുകെ ചെല്ലഞ്ചിയില്‍ നടക്കുന്ന പാലംപണി എങ്ങുമെത്താതെ നിലച്ചുകിടക്കുന്നതിനിടെ ഉണ്ടായിരുന്ന കടത്തുവള്ളവും സര്‍വീസ് നിലച്ചതോടെ ഇവിടത്തുകാര്‍ ദുരിതക്കയത്തിലായി. കഴിഞ്ഞ മാസം എട്ടിന് എംഎല്‍എയുടെ നേതൃത്വത്തില്‍ പാലത്തെക്കുറിച്ചു നാട്ടുകാരുമായി നടന്ന ചര്‍ച്ചയില്‍ പണി ത്വരിതപ്പെടുത്താന്‍ തീരുമാനമായെങ്കിലും അതിനു ശേഷം പണി ഒരിഞ്ചുപോലും മുന്നോട്ടുപോയില്ലെന്നു നാട്ടുകാര്‍ പറയുന്നു.
2010 ജൂലൈ മാസത്തില്‍ പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശിലയിടുമ്പോള്‍ 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നു പറഞ്ഞെങ്കിലും മൂന്നു വര്‍ഷത്തോളമായിട്ടും ഒരു പില്ലര്‍ പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല. നാലു പില്ലറുകളില്‍ ഒന്നു കമ്പികെട്ടി 15 അടി താഴ്ചയോളം വെള്ളത്തില്‍ നിന്നു ദ്രവിക്കാന്‍തുടങ്ങിയിട്ടു മാസങ്ങളായി. ഈ പില്ലറില്‍ ഇനി കോണ്‍ക്രീറ്റ് ചെയ്താല്‍ ഉണ്ടാകുന്ന ബലക്ഷയത്തെക്കുറിച്ചു നാട്ടുകാര്‍ ആശങ്കയിലാണ്.
മറ്റു പില്ലറുകള്‍ കോണ്‍ക്രീറ്റ് നടക്കാതെയും നില്‍ക്കുന്നു. കരാറുകാരന്റെ ആമയിഴഞ്ചാന്‍ പണിയാണ് ഇതിനു കാരണമെന്നും പണി ത്വരിതപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും നടക്കുന്നില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഇവര്‍ ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ നദി മുറിച്ചുകടക്കാന്‍ കടത്തുവള്ളം ഉണ്ടായിരുന്നതു പാലംപണിയുടെ ഭാഗമായി നദിയുടെ ഗതിമാറി ഒഴുക്ക് വര്‍ധിച്ചതിനാല്‍ ഇറക്കാന്‍
കഴിയാത്ത അവസ്ഥയാണ്.
ഫലത്തില്‍ വള്ളവുമില്ല, പാലവുമില്ല എന്ന അവസ്ഥയില്‍ വിദ്യാര്‍ഥികളടക്കമുള്ള ചെല്ലഞ്ചി നിവാസികള്‍ നദി മുറിച്ചുകടക്കാനാവാതെ ദുരിതക്കയത്തിലാണ്. ഇരുപതോളം കുടുംബങ്ങള്‍ക്കു ഭൂമി നല്‍കിയ വകയില്‍ നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓരോരുത്തരും നല്‍കിയ ഭൂമിയുടെ കണക്കെടുത്തു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു കോടിയോളം രൂപ ഇതിനായി അനുവദിച്ചെങ്കിലും അതു വിതരണം ചെയ്യാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ലെന്നും സ്ഥലവാസികള്‍ പറയുന്നു.
പാലംപണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉറപ്പു ലഭിക്കാനായി സമരരംഗത്തേക്കു വരുമെന്നു നാട്ടുകാര്‍ പറഞ്ഞു.