പാലോട്. നിയമപാലകരാവാന്‍ മാത്രമല്ല, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും തങ്ങള്‍ക്കു സാധിക്കുമെന്നു തെളിയിച്ചു പാലോട് സര്‍ക്കിളിനു കീഴിലുള്ള വിതുര, പാലോട്, പൊന്‍മുടി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ മുന്നൂറിലേറെ നിര്‍ധന കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തതു പൊലീസിന്റെ സൌഹൃദമുഖത്തിനു തെളിവായി. ഇതില്‍ പൊന്‍മുടി യുപിഎസിലെ നാലു കുട്ടികളുടെ പഠനച്ചെലവുകള്‍ പൊന്‍മുടി പൊലീസ് പൂര്‍ണമായും ഏറ്റെടുത്തതും ശ്രദ്ധേയമായി.
എസ്സി, എസ്ടി മോണിറ്ററിങ് കമ്മിറ്റിയുടെ സഹകരണത്തോടെ നന്ദിയോട്ടു നടന്ന വിതരണച്ചടങ്ങ് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ജെ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എസ്. പ്രേംകുമാര്‍, എല്‍.വി. വിപിന്‍, പി. വല്‍സല, ജനമൈത്രി പൊലീസ് സ്ഥിരാധ്യക്ഷന്‍മാരായ പുലിയൂര്‍ രാജന്‍, സി. പ്രഭാകരന്‍, എസ്സി, എസ്ടി മോണിറ്ററിങ് കമ്മിറ്റി അംഗം കൃഷ്ണന്‍കുട്ടി, ഫ്രാറ്റ് ട്രഷറര്‍ സതീഷ്ചന്ദ്രന്‍ നായര്‍, പാലോട് സിഐ പ്രദീപ്കുമാര്‍, എസ്ഐമാരായ ഡി. ഷിബുകുമാര്‍, സി. രത്നാകരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. എന്‍സിസി, കുട്ടിപൊലീസ് അടക്കം ചടങ്ങില്‍ വന്‍ ജനം എത്തിയിരുന്നു. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സ്കൂളുകള്‍ മുഖേന തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണു പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.