പാലോട്: ടാര്‍ ചെയ്തിട്ടില്ലാത്ത റോഡില്‍ റീടാര്‍ ഇട്ട് പൊതുമരാമത്ത് ജീവനക്കാര്‍ അത്ഭുതം സൃഷ്ടിച്ചു. ലക്ഷങ്ങള്‍ മുടക്കി, മാസം ഒന്ന് കഴിയുന്നതിനുമുന്‍പേ റോഡ് വീണ്ടും വന്‍ കുഴികളും ചെളിക്കളവുമായി. നന്ദിയോട് പഞ്ചായത്തിലെ പച്ചക്ഷേത്രം- ഓട്ടുപാലം റോഡിനാണ് ഈ ഗതികേട്. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ അശാസ്ത്രീയമായ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ബ്ലോക്ക് ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് ടാര്‍ ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയത്. 3.5 ലക്ഷം ഉപയോഗിച്ച് 200 മീ. ദൂരം ടാര്‍ ചെയ്യാനായിരുന്നു തീരുമാനം.
സ്ഥലപരിശോധനയ്ക്ക് എത്തിയ എ. ഇ. യും ഓവര്‍സീയറും ഇവിടെ റീടാര്‍ മതി എന്ന് റിപ്പോര്‍ട്ട് എഴുതി. സമീപത്തെ പാറ ക്വാറിയില്‍ നിന്നും ഇവിടത്തെ കുഴികളടയ്ക്കാന്‍ ഇറക്കിയ പാറ വേസ്റ്റ് കണ്ടിട്ടാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു മധുസൂദനന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഉദ്യോഗസ്ഥര്‍ തീരുമാനം മാറ്റാന്‍ തയ്യാറായില്ല.
ഓട്ടുപാലം റോഡില്‍ ടാര്‍ ചെയ്യുന്നത് അശാസ്ത്രീയമാണെന്ന് വളരെ മുമ്പും ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിരുന്നു. ഇക്കാരണത്താല്‍ ഇപ്പോള്‍ ടാര്‍ ചെയ്ത റോഡിന്റെ ബാക്കി ഭാഗത്തെല്ലാം സിമന്റ് സ്ലാബുകള്‍ ഉപയോഗിച്ചാണ് റോഡ് പണി നടത്തിയിരുന്നത്. വര്‍ഷങ്ങളായി ഇവയ്ക്ക് യാതൊരു തകരാറും സംഭവിച്ചിട്ടുമില്ല.
ടാര്‍ ഇടാത്ത റോഡില്‍ റീടാര്‍ ചെയ്ത് മാന്ത്രിക വിദ്യകാണിച്ച ഉദ്യോഗസ്ഥര്‍ 3.5ലക്ഷം രൂപ തുലച്ചുകളയുകയായിരുന്നു. ഈ പണം ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിച്ച് ഇവിടെ റോഡ് നിര്‍മ്മിക്കാമായിരുന്നു. ഉദ്യോഗസ്ഥരുടെ ഈ കെടുകാര്യസ്ഥത അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സ്, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.