
കരിഞ്ഞുണങ്ങിയ ആഞ്ഞിലിയുടെ ഇലകളില്‍ നിന്നും 'പിങ്ക്മീലീബെക്' എന്ന തരത്തിലുള്ള പ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ആക്രമണം കാരണമാകാം ആഞ്ഞിലി ഇലകള്‍ ഉണങ്ങി മരം നശിക്കുന്നതെന്ന് കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആര്‍തര്‍ ജേക്കബ്ബ് മാതൃഭൂമിയോട് പറഞ്ഞു. കൂടാതെ മണ്ണിലുണ്ടാകുന്ന 'വെര്‍ട്ടിസീലിയം ഫംഗസ്' വേരുകളെ നശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ഫംഗസുകളെ കരിഞ്ഞ ആഞ്ഞിലികളുടെ ചുവട്ടിലെ മണ്ണ് പരിശോധിച്ചതില്‍ നിന്നും കണ്ടെത്താനായി. ഫംഗസ് ബാധയുണ്ടായാല്‍ മറ്റ് വൃക്ഷങ്ങളിലേക്കും രോഗം പകരാനാണ് സാധ്യത. മറ്റ് വൃക്ഷങ്ങളെ ബാധിക്കാത്തതിനാല്‍ പ്രാണികളുടെ ആക്രമണം തന്നെയാവാം രോഗ പകര്‍ച്ചയ്ക്ക് മുഖ്യകാരണമെന്നും ഡോ. ആര്‍തര്‍ ജേക്കബ്ബ് പറഞ്ഞു.
കടുത്ത വേനലും തുടര്‍ന്നുണ്ടായ മഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം ആഞ്ഞിലികളുടെ നാശത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം പിങ്ക്മീലീബെക് പ്രാണികളുടെ ആക്രമണത്തിന് ആക്കം കൂട്ടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ആഞ്ഞിലി മരങ്ങള്‍ക്കടുത്തു നില്‍ക്കുന്ന മറ്റ് വൃക്ഷങ്ങളെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും കടുത്ത കാതലുള്ളതുമായ മരങ്ങളെയും ചെറിയ മരങ്ങളെയും ഒരുപോലെ രോഗം ബാധിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വേനല്‍ മഴയ്ക്ക് ശേഷം കുറച്ച് ആഞ്ഞിലികളെ രോഗം ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തമായ മഴ തുടങ്ങിയ ശേഷമാണ് ആഞ്ഞിലിയുടെ ഇലകള്‍ കരിയാന്‍ തുടങ്ങിയത്. കരിഞ്ഞുവീഴുന്ന ഇലകള്‍ക്ക് പകരം ഇലയുണ്ടാകുന്നതിന് മുന്‍പ് മരത്തിന്റെ ശിഖരങ്ങളും ഉണങ്ങിത്തുടങ്ങുന്നു. ക്രമേണ തടിയും ഉണങ്ങും. വന പ്രദേശങ്ങളിലും നാട്ടിന്‍ പുറങ്ങളിലും ആഞ്ഞിലി മരം വന്‍തോതില്‍ നശിക്കുകയാണ്.
ആഞ്ഞിലിമരത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന് പ്രതിവിധി കണ്ടെത്താനുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പുരോഗമിക്കുന്നതായി ഡോ. ആര്‍തര്‍ ജേക്കബ്ബ് പറഞ്ഞു.