പാലോട്: കഴിഞ്ഞ ഓണക്കാലത്ത് കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച കോഴിഗ്രാമം പദ്ധതിയുടെ നിര്‍വഹണത്തെച്ചൊല്ലി നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി അലങ്കോലമായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണപക്ഷം തന്നിഷ്ട പ്രകാരം പദ്ധതി നടപ്പാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കമ്മിറ്റി ബഹിഷ്‌കരിച്ച് പ്രകടനം നടത്തി.
കുടുംബശ്രീ യൂണിറ്റുകളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.പി.മോഹനന്‍ കഴിഞ്ഞ ഓണക്കാലത്താണ് നന്ദിയോട് പഞ്ചായത്തില്‍ സമ്പൂര്‍ണ കോഴിഗ്രാമം പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 5000 കോഴി ക്കുഞ്ഞുങ്ങളെ പഞ്ചായത്തിന് ലഭിക്കും. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഓരോ വാര്‍ഡിനും 277 കുഞ്ഞുങ്ങളെ കിട്ടേണ്ടതാണ്. അഞ്ച് കുഞ്ഞുങ്ങള്‍ അടങ്ങുന്ന യൂണിറ്റ് ഒരു കുടുംബത്തിന് നല്‍കുന്ന രീതിയിലായിരുന്നു പദ്ധതി. ഇതിന്‍പ്രകാരം ഓരോ വാര്‍ഡിലും 55 യൂണിറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ 25 കുടുംബങ്ങളടങ്ങുന്ന ഉപഭോക്തൃ ലിസ്റ്റ് തയ്യാറാക്കാന്‍ ഭരണപക്ഷം നിര്‍ദ്ദേശം നല്‍കിയെന്നാണ് ആരോപണം. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ കോഴികളെ വിതരണം ചെയ്യുന്ന കെപ്‌കോയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങള്‍ കമ്മിറ്റിയില്‍ പറഞ്ഞതിനെതുടര്‍ന്നുണ്ടായ ബഹളത്തിലാണ് കമ്മിറ്റി അലങ്കോലമായത്. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ 25 യൂണിറ്റുകള്‍ വാര്‍ഡ് അംഗങ്ങള്‍ മുഖേനയും ബാക്കി കോണ്‍ഗ്രസ് പ്രതിനിധികളായ ബ്ലോക്ക് പഞ്ജായത്തംഗങ്ങള്‍ മുഖാന്തിരവും നടപ്പാക്കാന്‍ ഭരണപക്ഷം ശ്രമിച്ചതായാണ് ആരോപിക്കുന്നത്. കമ്മിറ്റി ബഹിഷ്‌കരിച്ച എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ ആര്‍.കവിത, പാലോട് സന്തോഷ്, എ.ആര്‍. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. അതേസമയം ഭരണ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ പുലിയൂര്‍ ജി.പ്രകാശും യു.ഡി.എഫ് അംഗമായ നിമിയും കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നു.