വിതുര: മൃഗസംരക്ഷണവകുപ്പിന്റെ വിതുര അടിപറമ്പ് ജഴ്‌സിഫാമില്‍ വ്യാഴാഴ്ച ഒരു അതിഥിയെത്തി. ഒരാഴ്ച മാത്രം പ്രായമുള്ള ഒരു മ്ലാവിന്‍കുഞ്ഞ്. മാനിന്റെ വര്‍ഗത്തില്‍പ്പെടുന്ന 'സമ്പാര്‍ ഡിയര്‍' എന്ന ആംഗലനാമമുള്ള മ്ലാവിന്റെ കുഞ്ഞിനെ തീറ്റപ്പുല്ലുകള്‍ക്കിടയില്‍നിന്നാണ് കിട്ടിയത്.
ഫാം ഓഫീസിന് താഴെ പുല്ലുചെത്തുകയായിരുന്ന തൊഴിലാളികള്‍ കൈയില്‍ എടുത്തപ്പോള്‍ മുതല്‍ കുഞ്ഞുമ്ലാവ് നീട്ടിയുള്ള കരച്ചിലായിരുന്നു. പക്ഷേ ഫാമിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ലോറന്‍സിന്റെയും തൊഴിലാളികളുടെയും പരിചരണത്തില്‍ കരച്ചിലൊക്കെ മാറിയ മ്ലാവിന്‍കുട്ടി എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുകയും ചെയ്തു.
ഫാമിലെ കന്നുകള്‍ക്ക് പാല്‍ കൊടുക്കുന്ന ഉപകരണംവഴി പശുവിന്‍പാലാണ് മ്ലാവിന്‍കുട്ടിക്ക് നല്‍കിയത്. കുഞ്ഞിനെ കിട്ടിയസ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ട് കൊണ്ടുവച്ചെങ്കിലും നേരംപുലരുംവരെ തള്ളമൃഗം എത്തിയില്ല. തുടര്‍ന്ന് ശനിയാഴ്ച പരുത്തിപ്പള്ളി വനം റെയ്ഞ്ചധികൃതരെ വിവരം അറിയിച്ചു. ജീപ്പുമായി വനപാലകര്‍ എത്തിയപ്പോള്‍ വിഷമത്തോടെയാണ് മ്ലാവിന്‍കുഞ്ഞിനെ കൈമാറിയതെന്ന് തൊഴിലാളികള്‍. തിരുവനന്തപുരം മൃഗശാലാധികൃതര്‍ വിസമ്മതം പ്രകടിപ്പിച്ചതിനാല്‍ മ്ലാവിന്‍കുഞ്ഞിനെ കാട്ടില്‍ക്കൊണ്ടുപോയി വിട്ടതായി റെയ്‌ഞ്ചോഫീസര്‍ ജെ. സതീശന്‍ അറിയിച്ചു.