പാലോട്: നെടുമങ്ങാട് താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുന്‍നിര നേതാവായിരുന്നു ബുധനാഴ്ച അന്തരിച്ച കെ.രവീന്ദ്രനാഥ്. 12-ാം വയസ്സുമുതല്‍ തീക്ഷ്ണമായ സമരത്തിന്റെ കനല്‍ വഴികളിലൂടെയാണ് കെ.രവീന്ദ്രനാഥ് എന്ന രവി നടന്നുപോയത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ നന്ദിയോട് ഗ്രാമത്തില്‍ വേരുറപ്പിച്ച പി.കുഞ്ഞുകൃഷ്ണന്റെ മകനായിരുന്നു ഇദ്ദേഹം. കൊല്ലവര്‍ഷം 1114 ല്‍ അച്ഛന്‍ ജയില്‍വാസം കഴിഞ്ഞ് എത്തുന്നതിന്റെ അന്നുരാത്രിയിലായിരുന്നു ജനിച്ചത്. പിന്നെ കണ്ടതും പഠിച്ചതും സ്വാതന്ത്ര്യത്തിന്റെ സമരവഴികള്‍.
12-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരജാഥയില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് നേതാക്കളായ എം.എന്‍.ഗോവിന്ദന്‍ നായര്‍, കെ.സി.ജോര്‍ജ്, എന്‍.സി.ശേഖര്‍, പി.കെ.ചന്ദ്രാനന്ദന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുടെ ലഘുലേഖകള്‍ എത്തിച്ചിരുന്നതിന് പോലീസ് പിടിയിലായി. കാലം പിന്നിട്ടപ്പോള്‍ ജന്മിമാരെ എതിര്‍ത്തുകൊണ്ട് കര്‍ഷകര്‍ക്കായി നടത്തിയ പച്ച കൊയ്ത്തുസമരം, ആദിവാസികളുടെ മോചനത്തിനായി നടന്ന ഞാറനീലി കാണിപ്പറ്റ് സമരം, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ബ്രൈമൂര്‍തോട്ടം സമരം എന്നിവയിലെ മുന്നണി പോരാളിയും കെ.രവീന്ദ്രനാഥ് ആയിരുന്നു.
1959-ല്‍ യുവജന ഫെഡറേഷന്‍ സംസ്ഥാന ജോ.സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് നേതൃത്വത്തിലെത്തിയത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടുമങ്ങാട് താലൂക്ക് സെക്രട്ടേറിയറ്റ് അംഗമായിരുന്നു. പാര്‍ട്ടിയുടെ വിഭജനത്തോടെ സതീര്‍ഥ്യനായ വിശ്വംഭരന്‍ സി.പി.ഐ. (എം.എല്‍.) ഉം രവീന്ദ്രനാഥ് സി.പി.എമ്മും ആയി വഴിപിരിഞ്ഞു.
1988 മുതല്‍ 12 വര്‍ഷക്കാലം നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഇന്നുകാണുന്ന അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പച്ച നീന്തല്‍കുളം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതും ഗ്രാമപ്പഞ്ചായത്തിന് പുതിയ മന്ദിരം ഉണ്ടായതും നന്ദിയോട് ചന്തയില്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് നിര്‍മിച്ചതും പഞ്ചായത്ത് സ്റ്റേഡിയം നിര്‍മിച്ചതും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കിയതും കെ.രവീന്ദ്രനാഥ് പ്രസിഡന്റായിരുന്ന കാലത്താണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.രവീന്ദ്രനാഥ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയുമായി ഏറെ അകലം പുലര്‍ത്തിയിരുന്നു. എങ്കിലും ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നു - നാടിന്റെ വികസനത്തിന് ഒരു മണ്‍വെട്ടി ഉയരുന്നെങ്കില്‍ അത് രവീന്ദ്രന്റെയും വിശ്വംഭരന്റെയുമായിരുന്നു.
കെ.രവീന്ദ്രനാഥിന് അനുശോചനം രേഖപ്പെടുത്താനായി അഡ്വ. എ.സമ്പത്ത് എം.പി, എം.എല്‍.എ.മാരായ പാലോട് രവി, ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേ ന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, മുന്‍മന്ത്രി എം.വിജയകുമാര്‍, മുന്‍ എം.എല്‍.എ.മാരായ പിരപ്പന്‍കോട് മുരളി, ജെ.അരുന്ധതി, ജയന്‍ബാബു, വി.കെ.മധു, ചെറ്റച്ചല്‍ സഹദേവന്‍, ബേബി സുലേഖ തുടങ്ങി നൂറുകണക്കിന് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നായകന്‍മാര്‍ വസതിയിലെത്തി.