പാലോട് . സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തൊണ്ട നനയ്ക്കാന്‍ വെള്ളമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു. രോഗികളെ കിടത്തി ചികില്‍സിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ദൂര സ്ഥലങ്ങളില്‍ നിന്ന് ചുമട്ടു വെള്ളം കോരിയാണ് ഇപ്പോള്‍ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നത്. പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം പാലോട്ട് നിലച്ചിട്ട് മാസങ്ങളായി.
പൈപ്പ് ലൈന്‍ നന്നാക്കിയെങ്കിലും പമ്പ് ഹൌസിലെ മോട്ടോര്‍ കേടായ കാര്യം പറഞ്ഞാണ് ഇപ്പോള്‍ തടിതപ്പുന്നത്. ആയുര്‍വേദ ആശുപത്രിയില്‍ ഉണ്ടായിരുന്ന കിണര്‍ നികത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ബന്ധപ്പെട്ട അധികൃതരെ നാളുകള്‍ക്കു മുമ്പ് തന്നെ വെള്ള പ്രശ്നം അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ട് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.

