പാലോട്: ജില്ലാ കൃഷിത്തോട്ടത്തിലും ബനാന ഫാമിലും കൃഷിമന്ത്രി കെ.പി. മോഹനന്‍ നടത്തിയ മിന്നല്‍പരിശോധന ഇരുഫാമുകളുടെയും വികസന പ്രവര്‍ത്തനത്തിന് വഴിതുറക്കുന്നു. രണ്ട് ഫാമുകളില്‍നിന്നും പിരിച്ചുവിടപ്പെട്ട 180ലധികം താത്ക്കാലിക ജീവനക്കാര്‍ മന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഫാമുകളുടെ അടിസ്ഥാന വികസനത്തിന് പുതിയ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനായി 23ന് ഫാം ഡയറക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേരുന്നുണ്ട്. ഇതില്‍ പെരിങ്ങമ്മല ഫാമിനും ബനാനയ്ക്കുമായി 150 ലക്ഷം അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതിനുമുന്നോടിയായി ബനാന ഫാമിന്റെ വികസനത്തിന് 125 ലക്ഷം രൂപയുടെ ഒരു പ്രൊപ്പോസല്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇത് ചര്‍ച്ചയില്‍ അന്തിമതീരുമാനത്തിലെത്തും.
ഈ ഫണ്ട് അനുവദിക്കുകയാണെങ്കില്‍ ബനാനയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 48 തൊഴിലാളികള്‍ക്കും ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും പിരിച്ചുവിട്ട 124 തൊഴിലാളികള്‍ക്കും ജോലി തിരികെ ലഭിക്കാനുള്ള സാധ്യത തെളിയുന്നു. കൂടാതെ ഡെയറിഫാം യൂണിറ്റ്, ഫൗസിഫാം, ഓപ്പണ്‍ ഔട്ട്‌ലറ്റുകള്‍ എന്നിവ തുടങ്ങുന്നതും സ്ഥാപനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കും.
പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി ഇരട്ടിയാക്കി രണ്ടു പഞ്ചായത്തിലെങ്കിലും സ്വാശ്രയ പച്ചക്കറി സംരംഭം നടപ്പാക്കണമെന്ന ആവശ്യവും വകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ രണ്ടുസ്ഥാപനങ്ങളില്‍ നിന്നും ദൈനംദിന ഉത്പാദനവും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളും ലഭിക്കാത്തത് സ്ഥാപനത്തെ പിന്നോട്ടടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് മാറണമെന്ന അഭിപ്രായങ്ങളും മന്ത്രി കെ.പി. മോഹനന്റെ സന്ദര്‍ശനത്തോടെ ഉണ്ടായി.


