പാലോട്: പാലോട്ടെ ദേശീയ സസ്യോദ്യാനത്തില്‍ നടന്ന പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ വീണാവാദനം നവ്യാനുഭവമായി. ഗ്രാമി അവാര്‍ഡ് ജേതാവാണ് പണ്ഡിറ്റ് വിശ്വമോഹന്‍ഭട്ട്. യുവജനങ്ങളില്‍ സംഗീതവും സംസ്‌കാരവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം സ്പിക്മാക്കിന്റെ നേതൃത്വത്തിലാണ് സംഗീതവിരുന്ന് നടന്നത്.
ഹവായിയന്‍ ഗിറ്റാറില്‍ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളായ സിത്താര്‍, സരോദ്, വീണ എന്നിവ സ്വാംശീകരിച്ചതാണ് വിശ്വമോഹന്‍ ഭട്ടിന്റെ മോഹനവീണ. മോഹനവീണയില്‍ സംഗീതവിസ്മയം തീര്‍ത്ത ഭട്ട് ഉപകരണത്തിന്റെ സവിശേഷതകളെപ്പറ്റി ക്ലാസും നയിച്ചു. ഉസ്താദ് ഖാസിംഖാന്റെ തബലയാണ് മോഹനവീണയ്ക്ക് താളവിസ്മയം ഒരുക്കിയത്.


