വിതുര: ആദിവാസി ഊരുകളിലേക്ക് കാട്ടാനകള്‍ പ്രവേശിക്കുന്നത് തടയാനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനക്കൊപ്പം കുഴിച്ചുതുടങ്ങി. പരുത്തിപ്പള്ളി വനം റെയ്ഞ്ചിലെ കുട്ടപ്പാറയില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ കിടങ്ങ് കുഴിച്ചുകഴിഞ്ഞു. 200 മീറ്റര്‍ ദൂരം കൂടി പൂര്‍ത്തിയായാല്‍ ഈ മേഖലയിലെ പണി അവസാനിക്കുമെന്ന് റേഞ്ചോഫീസര്‍ ജെ. സതീശന്‍ അറിയിച്ചു.
വനവും ആദിവാസി സെറ്റില്‍മെന്റും തമ്മില്‍ വേര്‍തിരിക്കുന്ന ഭാഗത്ത് നിശ്ചിതവീതിയിലും ആഴത്തിലും കുഴിക്കുന്ന കിടങ്ങാണ് ആനക്കൊപ്പം (ട്രഞ്ച്). സാധാരണഗതിയില്‍ ഈ കിടങ്ങ് മറികടന്ന് കാട്ടാന ഊരില്‍ പ്രവേശിക്കാറില്ല. പക്ഷേ ഓരോവര്‍ഷവും അനുവദിക്കുന്ന ഫണ്ട് പരിമിതമായതിനാല്‍ എല്ലായിടത്തും ആനക്കൊപ്പം കുഴിക്കാന്‍ കഴിയാറില്ല. കുട്ടപ്പാറയില്‍ ഇപ്പോള്‍ ട്രഞ്ച് പണി നിര്‍ത്തിവെച്ചിരിക്കുന്നതും ഫണ്ടില്ലാത്തതിനാലാണ്.
ആനക്കൊപ്പമുള്ള ഭാഗങ്ങളില്‍ കാട്ടാനശല്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടെന്ന് ആദിവാസികള്‍ സമ്മതിക്കുന്നുണ്ടെങ്കിലും കിടങ്ങ് ചാടിവരുന്ന മ്ലാവുകളും കേഴയാടുകളും കൃഷി നശിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗശല്യത്തില്‍നിന്നുള്ള ശാശ്വതപരിഹാരമായി ആദിവാസികള്‍ നിര്‍ദേശിക്കുന്നത് സൗരോര്‍ജ വൈദ്യുതിവേലിയാണ്. കല്ലാര്‍ ആറാനക്കുഴി ഭാഗത്ത് വനംവകുപ്പ് ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കിടങ്ങിനുപോലും ഫണ്ടില്ലാത്തപ്പോള്‍ വൈദ്യുതിവേലി എങ്ങനെ സ്ഥാപിക്കുമെന്ന് വനപാലകര്‍ ചോദിക്കുന്നു.

