വിതുര. കാട്ടുമൃഗങ്ങളുടെ കാല്‍പ്പെരുമാറ്റം പരത്തുന്ന നെഞ്ചിടിപ്പില്‍ വിതുര ഗ്രാമ പഞ്ചായത്തിലെ ആദിവാസികള്‍. കാട്ടാന, കാട്ടുപോത്ത്, പന്നി, മ്ളാവ്, നായ്പ്പുലി, കാട്ടുപ്പട്ടി തുടങ്ങിയവ ആദിവാസി ഊരുകളിലെ ജീവനും സ്വത്തിനും ഭീഷണിയായി പതിവായി ഉള്‍ക്കാട്ടില്‍ നിന്നും വന്നു പോവുകയാണ്.
പഞ്ചായത്തിലെ പൊടിയക്കാല, മേമല, പച്ചവീട്, ഒരു പറ, ചെമ്പിക്കുന്ന്, അല്ലത്താര, തച്ചരുകാല, മണിതൂക്കി, വലിയകാല, ചെമ്മാന്‍കാല, കുട്ടപ്പാറ, കൊങ്ങന്‍മരത്തുംമൂട്, മൊട്ടമൂട്, ശാസ്താംപാറ, കത്തിപ്പാറ, കല്ലുപാറ എന്നിവിടങ്ങളില്‍ സ്ഥിരമായി വന്യ മൃഗങ്ങളുടെ ആക്രമണം പതിവാണ്. വന്‍ കൃഷിനാശമാണു ഇതുമൂലം സംഭവിക്കുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്കു ഇരുപതിലധികം തവണ കുട്ടികളുള്‍പ്പടെയുള്ള കാട്ടാനക്കൂട്ടം ഊരുകളിലേയ്ക്കിറങ്ങി ആക്രമണം അഴിച്ചു വിട്ടു. നിര്‍ധനരായ അനവധി പേരുടെ കൃഷി നശിച്ചു. കാട്ടാനക്കൂട്ടത്തെ അകറ്റാന്‍ പാട്ടകൊട്ടലും പടക്കം പൊട്ടിക്കലുമുള്‍പ്പടെ വിവിധ സൂത്രവിദ്യകള്‍ ആദിവാസികള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്. കല്ലുകള്‍ കൂട്ടിയടിച്ചു വലിയ ശബ്ദമുണ്ടാക്കി കാട്ടാനയെ ഓടിക്കുന്നതിനുള്ള ശ്രമവുമുണ്ട്. ചിലയിടങ്ങളില്‍ കാട്ടാനകള്‍ ഊരിനുള്ളിലേയ്ക്കെത്താതിരിക്കാന്‍ ഊരിനോടും കാടിനോടും ചേര്‍ന്നു ആനക്കൊപ്പങ്ങളെടുത്തിട്ടുണ്ട്. ഇതു കടന്നു കാട്ടാനയും കാട്ടുപോത്തും വരില്ല. എന്നാല്‍ മ്ളാവുകള്‍ ഇതിനു മുകളിലൂടെ ചാടിക്കടന്നു ഊരുകളിലെത്തി
കൃഷിയിടങ്ങള്‍ ചവിട്ടി മെതിക്കും.
കുപ്പികള്‍ അടുത്തടുത്തായി തൂക്കിയിട്ടു അതു കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമുപയോഗിച്ചും വന്യ മൃഗങ്ങളെ അകറ്റുന്ന രീതികള്‍ ഊരുകളില്‍ സ്ഥിരം കാഴ്ചയാണ്. വലിയകാലയിലും ചെമ്മാന്‍കാലയിലും ഇങ്ങനെ മൃഗങ്ങളെ വിരട്ടുന്ന കുപ്പികള്‍ കാണാം.
പക്ഷേ ഏതൊക്കെ തരത്തിലുള്ള സൂത്രവിദ്യകള്‍ പ്രയോഗിച്ചാലും വന്യ മൃഗങ്ങള്‍ പതിവായി വരുകയും നാശം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ ആദിവാസികള്‍ ഉറങ്ങാറേയില്ല. രണ്ടു മാസം മുമ്പു അല്ലത്താരയിലും ചെമ്പിക്കുന്നിലും കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിക്കുന്നതിനുള്ള ദൌത്യം നേരിട്ടേറ്റെടുത്ത ഊരുവാസികള്‍ക്കു ഒരാഴ്ചത്തെ ഉറക്കമാണു നഷ്ടപ്പെട്ടത്. കാട്ടുപ്പന്നികളെ തുരത്താനും പലയിടങ്ങളിലും ഉറക്കം നഷ്ടപ്പെടുത്തുന്നവരുണ്ട്.
ഊരുകളില്‍ ഈ അടുത്തക്കാലത്ത് നായ്പ്പുലിയുടെ ആക്രമണം വിരളമാണെങ്കിലും ഇടയ്ക്കൊക്കെ അവ ഭീതി പരത്തുന്നുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ നേരെയാണു ഇവ പ്രധാനമായും ആക്രമണം അഴിച്ചു വിടുന്നത്. കാട്ടുപ്പട്ടികളും കാടുകളില്‍ നിന്നും നാട്ടിലേയ്ക്കിറങ്ങാറുണ്ട്. മിക്ക ആദിവാസി ഊരുകളും വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈദ്യുതിയുടെ പൂര്‍ണ സേവനം ഇവിടങ്ങളിലെത്തുന്നില്ലയെന്നാതാണു വാസ്തവം. പലയിടത്തും തെരുവു വിളക്കുകള്‍ കത്തുന്നില്ല. ഇതുമൂലം ഇരുട്ടു പടര്‍ന്നാല്‍ യഥേഷ്ടം മൃഗങ്ങള്‍ ഊരുകളിലേയ്ക്കിറങ്ങും.
എന്നാല്‍ തെരുവു വിളക്കുകള്‍ കത്തിയാല്‍ അവിടങ്ങളിലേയ്ക്കു കാട്ടു മൃഗങ്ങള്‍ വരാറില്ലെന്നു ഊരുവാസികള്‍ പറയുന്നു. അതിനൊരു ക്രിയാത്മക നടപടി സ്വീകരിച്ചാല്‍ കുറെയൊക്കെ വന്യ മൃഗങ്ങള്‍ ഊരുകള്‍ കളിസ്ഥലങ്ങളാക്കുന്ന പ്രവണത തടയാനാകും.

