വിതുര: ദേശീയ കടുവാ സെന്‍സസ് പകുതി പിന്നിട്ടപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ കടുവയെ തിരഞ്ഞ സംഘങ്ങള്‍ക്ക് കൂടുതലായും കണ്ടെത്താനായത് കരടിയുടെ സാന്നിധ്യം. കടുവ, പുലി, ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ കാല്‍പ്പാടുകളോ കാഷ്ഠങ്ങളോ ഒട്ടും ലഭിക്കാത്ത വനങ്ങളുമുണ്ട്. 23ന് സെന്‍സസ് അവസാനിക്കും.
കഴിഞ്ഞ 16ന് രാജ്യവ്യാപകമായാണ് കടുവാ സെന്‍സസ് തുടങ്ങിയത്. ജി.പി.എസ്. ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അതത് വനം റേഞ്ചിലെ തിരഞ്ഞെടുത്ത ജീവനക്കാരാണ് സര്‍വേ നടത്തുന്നത്. ഇക്കൂട്ടത്തില്‍ മാംസഭുക്കുകളായ എല്ലാ വന്യമൃഗങ്ങളുടെയും കണക്കെടുപ്പ് നടത്തുമെങ്കിലും കടുവയുടെ സാന്നിധ്യം അറിയുകയാണ് പ്രധാനം. ഒരു വനത്തില്‍ കടുവയുടെ എണ്ണം കുറയുന്നത് അവിടത്തെ ആവാസവ്യവസ്ഥയുടെ മൊത്തം തകര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.
നെയ്യാര്‍, പരുത്തിപ്പള്ളി, പേപ്പാറ, കുളത്തൂപ്പുഴ വനം റേഞ്ചുകളിലായാണ് തിരുവനന്തപുരം ജില്ലയിലെ സെന്‍സസ് നടക്കുന്നത്. മഴ കഴിഞ്ഞയുടനെയായതിനാല്‍ വന്യമൃഗങ്ങളുടെ കാല്‍പ്പാടുകളും കാഷ്ഠങ്ങളും കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതും സെന്‍സസ് സംഘങ്ങളെ വലയ്ക്കുന്നുണ്ട്.


