വിതുര: ചാരുപാറ പൊന്മുടിവാലി പബ്ലിക് സ്‌കൂളിലെ സീഡ് ടീം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ 'ഹൈടെക്' കൃഷിക്ക് മികച്ച വിജയം. സ്‌കൂള്‍മുറ്റത്തും ടെറസിലുമായി നാന്നൂറോളം ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി, ഡ്രിപ്പ് ഇറിഗേഷന്‍ വഴി വേഗത്തിലും കൃത്യമായും ജലസേചനം, ഒടുവില്‍ വിളവ് നൂറുമേനി. തൊളിക്കോട് കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പരീക്ഷണകൃഷിയുടെ വിജയം കാണാന്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നസീറാബീഗം കഴിഞ്ഞദിവസം സ്‌കൂളിലെത്തുകയുംചെയ്തു.
പാവല്‍, പടവലം, സലാഡ് വെള്ളരി, ചീര, വഴുതന, തക്കാളി, പച്ചമുളക് എന്നിവയ്ക്കുപുറമെ ബീന്‍സ്, കാബേജ്, കോളിഫ്‌ളവര്‍ എന്നിവയും വിദ്യാര്‍ഥികള്‍ ബാഗുകളില്‍ വിളയിച്ചെടുത്തു. കൃഷി അസിസ്റ്റന്റുമാരായ രജനീഷ്, പ്രകാശ് എന്നിവരാണ് കൃഷിയുടെ ഓരോ ഘട്ടത്തിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. വിളവെടുപ്പ് കാണാന്‍ കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ ട്രസ്റ്റ് ചെയര്‍മാന്‍ ചാരുപാറ രവി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.കെ.സോമശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


