വിതുര. ലൈബ്രറി കൌണ്‍സില്‍ ജില്ലാതലത്തില്‍ നടത്തിയ വായനാ മല്‍സരത്തില്‍ വിതുര സ്വദേശിയായ കൊച്ചുമിടുക്കന് ഒന്നാം സ്ഥാനം. വിതുര ഗവ. യുപിഎസിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ എ.എസ്. അഭിമന്യുവാണു വിവിധ ഘട്ടങ്ങളിലായി അഞ്ഞൂറിലധികം കുട്ടികള്‍ മല്‍സരിച്ച യുപി വിഭാഗം വായനാ മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്. ലൈബ്രറി കൌണ്‍സിലിന്റെ നിര്‍ദേശപ്രകാരം പത്തു പുസ്തകങ്ങള്‍ മല്‍സരത്തിന്റെ അനുബന്ധ ഗ്രന്ഥങ്ങളായി നല്‍കിയിരുന്നു.
വള്ളത്തോള്‍, തകഴി, കാരൂര്‍, ഒ.എന്‍.വി, എം.ടി, ചങ്ങമ്പുഴ തുടങ്ങി മലയാളത്തിലെ അതികായന്മാരുടെ പുസ്തകങ്ങളാണു മല്‍സരത്തിനായി നല്‍കിയിരുന്നത്. ഈ പുസ്തകങ്ങളില്‍ അറുപതു ശതമാനം ചോദ്യങ്ങളും ബാക്കി പൊതുവിജ്ഞാനവുമായിരുന്നു. ഫൈനല്‍ ഘട്ടത്തില്‍ അഭിമന്യു എഴുപതു മാര്‍ക്ക് സ്വന്തമാക്കി ഒന്നാമതെത്തുകയായിരുന്നു. മുന്‍വര്‍ഷങ്ങളിലും ജില്ലാതലത്തില്‍ മികച്ച പ്രകടനം അഭിമന്യു നടത്തിയിരുന്നു.
മലയാള മനോരമ ബാലജനസഖ്യം വിതുര യൂണിയന്‍ കഴിഞ്ഞ വായനാവാരത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായനാ മല്‍സരത്തിലും അഭിമന്യു ഒന്നാമതെത്തിയിരുന്നു. ജില്ലാ ശാസ്ത്രമേളയിലും വിജയക്കുതിപ്പ് നടത്തിയ അഭിമന്യു, ചായം കൈതക്കുഴിയില്‍ ബി. അജികുമാറിന്റെയും ആര്‍. സിനിയുടെയും മകനാണ്.

