വിതുര: പത്തുവര്‍ഷത്തോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച
ചേന്നന്‍പാറ അങ്കണവാടിക്ക് സ്വന്തം മന്ദിരമായപ്പോള്‍ അത് കാണാന്‍ നാട്ടുകാരുടെ
'നല്ല ടീച്ചര്‍' മാത്രമില്ല.
ഒമ്പതുവര്‍ഷം ചേന്നന്‍പാറയില്‍ അങ്കണവാടി അധ്യാപികയായിരുന്നു പ്രിയ (33). അകാലത്തില്‍ പ്രിയ മരിക്കുമ്പോള്‍ മന്ദിരത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലുമായിരുന്നു. കുരുന്നുകളോടുള്ള സ്‌നേഹപൂര്‍ണമായ പരിചരണംകൊണ്ട് ചേന്നന്‍പാറ നിവാസികള്‍ക്ക് പ്രിയങ്കരിയായ പ്രിയയുടെ പേര് തന്നെയിട്ട മന്ദിരം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മാന്‍ക്കുന്നില്‍ പ്രകാശിന്റെ ആവശ്യപ്രകാരമാണ് അങ്കണവാടി മന്ദിരം പ്രിയ മെമ്മോറിയലാക്കിയത്. കാംകോ ചെയര്‍മാന്‍ ചാരുപാറ രവി മന്ദിരത്തിന്റെ നാമകരണം നടത്തി. വീട്ടിനുള്ളില്‍ വഴുതിവീണ് കാലിനുപരിക്കേറ്റ പ്രിയ ചികിത്സയിലെ പാളിച്ചയെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് മൂന്നിനാണ് മരിച്ചത്.
അങ്കണവാടിയുടെ മുകള്‍നിലയിലെ ഗ്രാമനിലയത്തിന്റെ താക്കോല്‍ദാനം ജില്ലാപ്പഞ്ചായത്തംഗം അഡ്വ. എല്‍. ബീന നിര്‍വഹിച്ചു. ആദ്യ പഞ്ചായത്ത് പ്രസിഡന്റ് തങ്കപ്പന്‍പിള്ളയെ മുന്‍ ജില്ലാപഞ്ചായത്തംഗം എസ്. സഞ്ജയന്‍ ആദരിച്ചു. യോഗത്തില്‍ ശാന്തി ജി.നായര്‍ അധ്യക്ഷയായി.


