കല്ലറ: ഭരതന്നൂര്‍ അംബേദ്കര്‍ കോളനി ബ്ലോക്ക് നമ്പര്‍ 56ല്‍
താമസിക്കുന്ന കുഞ്ഞി എന്ന 94 കാരിയുടെ ഏക ആഗ്രഹം മരിക്കുംമുമ്പ് തന്റെ റേഷന്‍
കാര്‍ഡൊന്ന് ബി.പി.എല്‍ ആക്കണമെന്നാണ്.എ.പി.എല്‍. കാര്‍ഡാണ് നിലവില്‍ ഇവര്‍ക്കുള്ളത്. ഇതുകാരണം ഈ ദളിത്‌വൃദ്ധ അനുഭവിക്കുന്ന ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല. ഈ തൊണ്ണൂറ്റിനാലാം വയസ്സിലും പലസ്ഥലങ്ങളില്‍ കറങ്ങിനടന്നു. പുല്ലരിഞ്ഞ് തലച്ചുമടായി ഭരതന്നൂരിലെ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വിറ്റാണ് ജീവിതം തള്ളിനീക്കുന്നത്. കിടപ്പാടം എന്ന് പറയത്തക്ക ഒന്നുമില്ല.
കുഞ്ഞിയുടെ ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി. ആകെ ഏഴ് മക്കള്‍. മൂന്നാണും നാല് പെണ്ണും. ആണുങ്ങള്‍ മൂന്നുപേരും മരിച്ചു. പെണ്ണുങ്ങള്‍ കുഞ്ഞിയെപ്പോലെ തന്നെ വൃദ്ധകളായി. സ്വന്തംകാര്യം നോക്കാന്‍തന്നെ പരസഹായം തേടുന്ന അവരെ ബുദ്ധിമുട്ടിക്കാന്‍ ഈ അമ്മ പോകാറുമില്ല. ആകെയുണ്ടായിരുന്ന പത്ത് സെന്റ് ഏഴ് മക്കള്‍ക്കും തനിക്കും തുല്യഭാഗങ്ങളായി വീതിച്ചതില്‍ കിട്ടിയ ഭൂമിയില്‍ ഒരു മാടംവെച്ച് ഏകാന്തജീവിതം നയിക്കുകയാണിവര്‍.
കാര്‍ഡ് എ.പി.എല്‍. ആയതിനാല്‍ സര്‍ക്കാരില്‍നിന്നും കിട്ടുന്ന സൗജന്യ അരിയോ മരുന്നോ ഈ പാവത്തിന് ലഭിക്കാറില്ല. ഇതൊന്ന് ചുവന്ന കാര്‍ഡാക്കാന്‍ (ബി.പി.എല്‍) കുഞ്ഞി കാണാത്തയാള്‍ക്കാര്‍ നാട്ടില്‍ ചുരുക്കമാണ്. വിദ്യാഭ്യാസം ഇല്ലാത്ത കുഞ്ഞിക്ക് ഭരതന്നൂരിന് അപ്പുറം ഒരു ലോകവുമില്ല. കാഴ്ചയും കേള്‍വിയും വളരെ കുറവുമാണ്. അനര്‍ഹരും ബി.പി.എല്‍. കാര്‍ഡ് സമ്പാദിക്കുന്നതായി വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും കുഞ്ഞി കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ...

