പാലോട്. മലയോര പാലോട് താലൂക്ക് രൂപീകരിക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്നു റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പാലോട് വില്ലേജ് ഓഫിസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ പാലോട് താലൂക്ക് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വസ്തുതകള്‍ നിരത്തി പാലോട് രവി എംഎല്‍എ ഉന്നയിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
മറ്റു താലൂക്കുകളിലെ വില്ലേജുകളുടെ എണ്ണം പരിശോധിച്ചാല്‍ അടുത്തഘട്ടം താലൂക്ക് രൂപീകരണത്തില്‍ പാലോട് കൃത്യമായും കടന്നുവരേണ്ടതാണെന്നും അതിന് എല്ല അടിസ്ഥാന സൌകര്യങ്ങളും ഇവിടെയുണ്ടെന്നും, മാത്രമല്ല ആദിവാസികള്‍ ഏറ്റവും കൂടുതലുള്ള മേഖലയില്‍ താലൂക്ക് രൂപീകരിക്കുമ്പോള്‍ അത് ആദിവാസികള്‍ക്കായി ഒരു താലൂക്ക് എന്നതു യാഥാര്‍ഥ്യമാകുമെന്നുമാണു പാലോട് രവി പറഞ്ഞത്.
ഇതു ഗൌരവമായി തന്നെ പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കരഘോഷത്തോടെ സദസ് സ്വീകരിച്ചപ്പോള്‍, അതു ഭാവിയില്‍ പാലോട് താലൂക്കിന്റെ പ്രതീക്ഷയ്ക്കു വകനല്‍കുന്നതായി. കരം ഒടുക്കുന്നതു ബാങ്ക് വഴിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ഇനിയും അപേക്ഷ നല്‍കാന്‍ കഴിയാത്ത ഭൂരഹിതര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം നല്‍കുമെന്നും ചില അക്ഷയാ കേന്ദ്രങ്ങളില്‍ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരെയും മൂന്നു സെന്റ് ഭൂമി ലഭിച്ചവരെ ചില കേന്ദ്രങ്ങളില്‍ അത് ഏറ്റെടുക്കുന്നതു തടയുന്ന ശക്തികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി
പറഞ്ഞു.
പെരിങ്ങമ്മല കൊച്ചുകരിക്കകത്തു പണികഴിപ്പിച്ച തെന്നൂര്‍ വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനവും നേരത്തെ മന്ത്രി നിര്‍വഹിച്ചു. ഇരു സ്ഥലത്തും കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലോട് രവി എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, എഡിഎം: വി.ആര്‍. വിനോദ്, തഹസില്‍ദാര്‍ ടി.ആര്‍. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ളോക്ക് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുമാരാമത്ത് വകുപ്പ് അസി. എക്സി. എന്‍ജിനീയര്‍ കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


