പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ അവശേഷിക്കുന്ന ഏക പാടശേഖരമായ പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരവും നികത്തിത്തുടങ്ങി. വീടുവെയ്ക്കാന്‍ അഞ്ചു സെന്റ് വയല്‍നികത്താം എന്ന നിയമത്തിന്റെ മറപിടിച്ചാണ് 86 സെന്റ് വയല്‍ നികത്തുന്നത്. പെരിങ്ങമ്മല എന്‍.എസ്.എസ്. സ്‌കൂളിന് സമീപത്തുനിന്നാണ് ഇപ്പോള്‍ വയല്‍ നികത്തുന്നത്.
വയല്‍നികത്താനായി കഴിഞ്ഞദിവസം കൊണ്ടുവന്ന ജെ.സി.ബി. നാട്ടുകാര്‍ ഇടപെട്ട് തിരിച്ചയച്ചു. തുടര്‍ന്ന് തൊഴിലാളികളെ നിര്‍ത്തിയാണ് പണി തുടരുന്നത്. സമീപകാലത്ത് വയല്‍ വിലയ്ക്കുവാങ്ങിയ ചിലരാണ് വയല്‍ നികത്തലിന് പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു. എന്തൊക്കെ സാമ്പത്തികനഷ്ടം ഉണ്ടായിരുന്നിട്ടും നാല്പതിലധികം കര്‍ഷകരാണ് വര്‍ഷങ്ങളായി ഇവിടെ കൃഷിചെയ്തുപോരുന്നത്. എന്നാല്‍ നീരുറവകളുടെ തുടക്കത്തില്‍തന്നെ ഇപ്പോള്‍ വയല്‍ നികത്തുന്നത് കൃഷിയിറക്കുന്ന കര്‍ഷകരുടെ ദുരിതത്തിന് കാരണമാകും. വെള്ളം കിട്ടാതെ മുഴുവന്‍ കര്‍ഷകരും കൃഷി ഉപേക്ഷിച്ചുപോകുന്നതോടെ കൊള്ളലാഭം ഉണ്ടാക്കാം എന്ന ദുഷ്ടലാക്കാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
പാട്ടത്തിന് ഭൂമിയെടുത്തും വട്ടിപ്പലിശയ്ക്ക് പണം കടംവാങ്ങിയുമാണ് പെരിങ്ങമ്മല പാടത്ത് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കൃഷി കൈവിടാന്‍ തയ്യാറല്ലാത്ത ഒരുതലമുറയുടെ നേര്‍ക്കാണ് ഇപ്പോള്‍ ഭൂമാഫിയയുടെ വെല്ലുവിളി. നിലംനികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല വില്ലേജ് ഓഫീസ്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് കര്‍ഷകസംഘടനകള്‍ പരാതി നല്‍കി. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.


