പാലോട്: എലിപ്പനിയുടെ പ്രതിരോധഗുളിക കഴിച്ച തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ തൊഴിലിടത്തില്‍ തളര്‍ന്നുവീണു. പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ച ഇവരെ ചികിത്സ നല്‍കി വിട്ടയച്ചു. നന്ദിയോട് പഞ്ചായത്തിലെ പച്ചമല സ്വദേശികളായ കൃഷ്ണമ്മ (65), റാണിചന്ദ്ര (32), അജിത (42), പ്രസന്ന (36), പ്രീത (34), ജലജ (59) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
'ഡോക്‌സി സൈക്ലിന്‍' എന്ന പ്രതിരോധ ഗുളികയാണ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയത്. പതിനെട്ടുപേരില്‍ ഗുളിക കഴിച്ച ആറുപേരും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ട് തളര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പാലോട് സി.എച്ച്.സി.യില്‍ നിന്ന് പ്രതിരോധഗുളിക എത്തിയത്.
ഇതിനകം നിരവധി ആളുകള്‍ പ്രതിരോധഗുളിക കഴിച്ചിട്ടുണ്ടെന്നും അവര്‍ക്കാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിട്ടില്ലെന്നും സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു പറഞ്ഞു. ആഹാരം കഴിക്കാതെ മരുന്ന് ഉപയോഗിച്ചതിനാലാകാം അസ്വസ്ഥത ഉണ്ടായതെന്നും അദ്ദേഹം പറയുന്നു


