വിതുര: പൊന്മുടിക്കുന്ന് കത്തിയ സംഭവത്തില്‍ പാലോട് റേഞ്ച് വനം അധികൃതര്‍ അറസ്റ്റ് ചെയ്ത ആറുയുവാക്കളെ നെടുമങ്ങാട് വനംകോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ പുല്ലിന് തീയിട്ടശേഷം മൊബൈല്‍ ഫോണില്‍ വീഡിയോയെടുത്ത് രസിച്ചതായി വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി.
പരിസ്ഥിതി ദുര്‍ബലപ്രദേശം തീയിട്ട് നശിപ്പിച്ചതിന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വീഡിയോ അടങ്ങുന്ന ഫോണും യുവാക്കള്‍ പൊന്മുടിയിലെത്തിയ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെയ്യാറ്റിന്‍കര ആറാലുംമൂട് പുല്ലുവിള അഖില്‍ (18), ഓലത്താന്നി പനയ്ക്കാവിള ഷെറിന്‍ (24), പാലക്കടവ് ശാന്താഭവനില്‍ അജയകുമാര്‍ (35), പയറ്റുവിള വത്സലാഭവനില്‍ വിനോദ് (24), മലയിന്‍കീഴ് മേപ്പൂക്കട ടി.ജെ. ഭവനില്‍ ശ്രീകുമാര്‍ (27), പൂവാര്‍ ആറ്റുപുറം കൊടിതൂക്കി ഷിബിന്‍കുമാര്‍ (18) എന്നിവരാണ് റിമാന്‍ഡിലായത്. തീപിടിത്തം നടന്ന ഞായറാഴ്ച പൊന്മുടിയില്‍ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ട ഷിബിന്‍കുമാര്‍ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു.
വെങ്ങാനൂരില്‍ നിന്നെത്തിയ 12 അംഗ സഞ്ചാരിസംഘമാണ് തീ പടരുന്നത് ആദ്യം കണ്ടതും യുവാക്കളെ തടയാന്‍ ശ്രമിച്ചതും. അഞ്ചുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു.



