പെരിങ്ങമ്മല: ആദിവാസി മേഖലയായ പെരിങ്ങമ്മല പഞ്ചായത്തിലെ കാട്ടിലക്കുഴി-മഞ്ഞണത്തുംകടവ് റോഡ് തകര്‍ന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ആദിവാസികളുടെ യാത്ര ദുരിതപൂര്‍ണമായി. ഒറ്റ ബസ് മാത്രമുള്ള ഇവിടെ ഇപ്പോള്‍ ആ ബസ്സും മുടങ്ങിത്തുടങ്ങി. കാണി ഊരില്‍ നിന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നാണ് ഇപ്പോള്‍ ആദിവാസികള്‍ പ്രധാനപാതയില്‍ എത്തുന്നത്.
മഞ്ഞണത്തുംകടവ്, ചെന്നല്ലിമൂട്, ഈട്ടിമൂട്, കല്ലണകരിക്കകം, കാട്ടിലക്കുഴി എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആദിവാസി കുടുബങ്ങള്‍ ആശ്രയിക്കുന്നത് ഈ ഒറ്ററോഡിനെയാണ്. 10 വര്‍ഷം മുമ്പാണ് റോഡ് ഏറ്റവുമൊടുവില്‍ അറ്റകുറ്റപ്പണി നടത്തിയത്. പണി നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ റോഡിന്റെ തകര്‍ച്ചയും തുടങ്ങി. തടികയറ്റിപ്പായുന്ന ലോറികളാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് ആദിവാസികള്‍ പറയുന്നു.
മഞ്ഞണത്തുംകടവ് വരെ ബസ് യാത്ര നീട്ടണമെന്ന് വര്‍ഷങ്ങളായി ആദിവാസികളുടെ ആവശ്യമാണ്. എന്നാല്‍ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ആവശ്യം പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് തകര്‍ന്ന റോഡിന്റെ പ്രശ്‌നമാണ്. ത്രിതല പഞ്ചായത്തുകള്‍ കഴിഞ്ഞ കുറേക്കാലമായി ഈ റോഡിനെ പാടേ ഉപേക്ഷിച്ചമട്ടാണ്. റോഡ് ഗതാഗതയോഗ്യമാക്കാത്തപക്ഷം ഒരു പ്രദേശത്തെ ആദിവാസികള്‍ മുഴുവന്‍ ഒറ്റപ്പെട്ടനിലയിലാകും.


