പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ച് അനുഷ്ഠാനങ്ങളുടെ ഭാഗമായി നാട്ടുതാലപ്പൊലി നടന്നു. തോറ്റംപാട്ടിന്റെ അഞ്ചാംദിവസമാണ് നാട്ടുതാലപ്പൊലി നടക്കുന്നത്. അഞ്ചാംദിവസത്തെ മാലപ്പുറം പാട്ടിനോടനുബന്ധിച്ച് ദേവിക്ക് ചാര്‍ത്താനുള്ള സാരി, താലി എന്നിവ സ്ത്രീകള്‍ ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചു. ആലംപാറ, കള്ളിപ്പാറ എന്നിവിടങ്ങളില്‍നിന്ന് രണ്ട് ഘോഷയാത്രയായിട്ടാണ് യഥാക്രമം സാരിയും താലിയും എത്തിച്ചത്. രണ്ട് ഘോഷയാത്രയിലുമായി അഞ്ഞൂറിലധികം കരക്കാരായ സ്ത്രീകള്‍ പങ്കെടുത്തു.
തുടര്‍ന്ന് ക്ഷേത്രസന്നിധി വലംവച്ച് നേര്‍ച്ചപ്പണ്ടങ്ങള്‍ കൈമാറി. ക്ഷേത്രമേല്‍ശാന്തി വൈക്കം ഹരിപോറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്കുശേഷം താലിയും സാരിയും ദേവിക്ക് ചാര്‍ത്തിയതോടെ നാട്ടുതാലപ്പൊലിയുടെ ചടങ്ങുകള്‍ സമാപിച്ചു.
തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നിര്‍ധനരായ ആറ് രോഗികള്‍ക്ക് ചികിത്സാസഹായം വിതരണംചെയ്തു. ബി.എസ്‌സി. കെമിസ്ട്രിക്ക് ഒന്നാംറാങ്ക് നേടിയ സ്വാതി സുകുവിനെ ഉപഹാരം നല്‍കി ആദരിച്ചു.


