വിതുര: 40 വര്‍ഷത്തോളം പഴക്കമുള്ള ദുര്‍ഘടപാതയെ ടാറിടാന്‍ പാകത്തിലാക്കി വിതുര വി. ആന്‍ഡ് എച്ച്.എസ്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് വ്യത്യസ്തവഴിയില്‍. പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്ന് വയര്‍ലസ് സ്റ്റേഷനിലേക്കുള്ള ഒരു കിലോമീറ്റര്‍ മലമ്പാതയാണ് കുട്ടിപ്പോലീസ് ഗതാഗതയോഗ്യമാക്കിയത്.
വിനോദസഞ്ചാരികള്‍ക്ക് ഈയിടെ മിന്നലേറ്റപ്പോഴും പൊന്മുടിക്കുന്ന് തീയിട്ടപ്പോഴും വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ ഈ പാതയുടെ ദുര്‍ഘടാവസ്ഥ തടസ്സമായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും പൊന്മുടി വയര്‍ലസ് സ്റ്റേഷനിലേക്ക് റോഡില്ലാത്തത് ചര്‍ച്ചയായിരുന്നു. പൊന്മുടി പോലീസിന്റെ സഹായത്തോടെ 80 വിദ്യാര്‍ഥികളാണ് പണിയായുധങ്ങളുമായി ഇറങ്ങി പാതയെ മെരുക്കിയെടുത്ത്.
മഴക്കാലത്തെ കുത്തൊലിപ്പ് തുടങ്ങുംമുമ്പ് ടാറിട്ടാല്‍ ഈ കുട്ടികളുടെ പരിശ്രമം വൃഥാവിലാവില്ല. റോഡുപണിക്കുശേഷം വയര്‍ലസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി എസ്.ഐ. അഹമ്മദ്കുഞ്ഞ് ക്ലാസ്സെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ. അന്‍വര്‍, അഡീഷണല്‍ ഓഫീസര്‍ കെ. ശ്രീദേവി, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ബൈജു, ഷൈനി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.


