വിതുര. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളായ പാരമ്പര്യ വൈദ്യകേന്ദ്രവും ഡെയറി സയന്‍സ് കോളജും പഞ്ചായത്ത് പരിധിക്കുള്ളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണ്. പാരമ്പര്യ വൈദ്യത്തിനു മറ്റേതു സംസ്ഥാനത്തെക്കാളും വേരോട്ടമുള്ള കേരളത്തിലാണ് ഇത്തരമൊരു വൈദ്യകേന്ദ്രം വരുന്നതെന്നുള്ളതു വരുംതലമുറയ്ക്കു വലിയ നേട്ടമായിരിക്കും. മണ്ണൂത്തി കഴിഞ്ഞാല്‍ ചെറ്റച്ചല്‍ ജഴ്സി ഫാമിനോടു ചേര്‍ന്നു തുടങ്ങുന്ന ഡെയറി കോളജ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിതുര ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫിസിന്റെ ഉദ്ഘാടനവും രാജീവ് ഗാന്ധി സേവാകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടി വന്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിനു വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി, വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോഫി തോമസ്, അഡ്വ. എല്‍. ബീന, എസ്.എല്‍. കൃഷ്ണകുമാരി, എസ്. ദീക്ഷിത്, ശാന്തി ജി. നായര്‍, എ.കെ. ഷിഹാബ്ദ്ദീന്‍, എ. അല്‍ഫോണ്‍സ്, സി.എസ്. ഉഷാകുമാരി, ജി.ഡി. ഷിബുരാജ്, മാന്‍കുന്നില്‍ പ്രകാശ്, ജി. ഗിരീഷ് കുമാര്‍, എം.എസ്. റഷീദ്, കെ. ഷീല, സി.ഡിഎസ് അധ്യക്ഷ കെ. സിന്ധു, എം. ലാലി, എസ്.ജി. ദിനു എന്നിവര്‍ പ്രസംഗിച്ചു.

