വിതുര: ഒരുവര്‍ഷം സമയം അധികം ചെലവഴിച്ചിട്ടും ഉന്നത ശാസ്ത്രഗവേഷണ സ്ഥാപനമായ ഐസെറിന്റെ നിര്‍മാണം എങ്ങുമെത്താത്തതിന്റെ പേരില്‍ കരാര്‍ റദ്ദാക്കപ്പെട്ട കമ്പനിക്ക് ചട്ടവിരുദ്ധമായി ഒരുകോടിക്ക് മുകളില്‍ തുക നല്‍കാന്‍ നീക്കം. കമ്പനിയുടെ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്ക് തിങ്കളാഴ്ച ഈ തുകയ്ക്കുള്ള ചെക്ക് നല്‍കാനാണ് നീക്കം എന്നറിയുന്നു. ശമ്പള കുടിശ്ശികയ്ക്കായി വെള്ളിയാഴ്ച സമരം ചെയ്ത തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച ഇത് നല്‍കാമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് തിങ്കളാഴ്ച എത്തുന്ന തുക അവരുടെ ബാധ്യതകള്‍ തീര്‍ക്കാനേ ഉപയോഗിക്കൂവെന്നും തൊഴിലാളികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിര്‍മാണക്കരാര്‍ റദ്ദാക്കപ്പെട്ട ഒരു കമ്പനി സര്‍ക്കാരിന് വരുത്തിവെച്ച നഷ്ടം തിട്ടപ്പെടുത്തിയശേഷമേ ആവശ്യമെങ്കില്‍ തുക നല്‍കാന്‍ പാടുള്ളൂവെന്നാണ് കീഴ്‌വഴക്കം. ചെന്നൈ ആസ്ഥാനമായ കമ്പനിയുമായുള്ള കരാര്‍ ഫിബ്രവരി 28ന് ഐസെര്‍ അവസാനിപ്പിച്ചുകഴിഞ്ഞു. നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ടില്ല. അതിനിടെയാണ് അവര്‍ ആവശ്യപ്പെട്ട ഒരുകോടിക്ക് മുകളില്‍ തുകകൂടി നല്‍കാന്‍ ഒരുങ്ങുന്നത്.
മലയാളികളും അന്യസംസ്ഥാനക്കാരുമടക്കം 300 ഓളം തൊഴിലാളികള്‍ക്കാണ് കമ്പനി പണം നല്‍കാനുള്ളത്. നിര്‍മാണത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) ആഭിമുഖ്യത്തില്‍ ഇവര്‍ വെള്ളിയാഴ്ച കമ്പനി ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഐസെര്‍ പ്രോജക്ട് എന്‍ജിനീയര്‍ ജെ. അനില്‍ ആണ് ചൊവ്വാഴ്ച കുടിശ്ശിക നല്‍കാമെന്ന് ഉറപ്പുനല്‍കിയത്.
ഐസെറിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ കരാര്‍ റദ്ദാക്കിയതോടെ വിതുരയിലെ നിര്‍ദ്ദിഷ്ട 200 ഏക്കര്‍ കാമ്പസ് ഏറെക്കുറെ ശൂന്യമായിരിക്കുകയാണ്. 300 കോടിയുടെ ഈ കരാറില്‍ ബാക്കി തുകയ്ക്ക് പുതിയ കരാറുകാരെ കണ്ടെത്താനുള്ള ശ്രമം ഐസെര്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം കരാര്‍ റദ്ദാക്കപ്പെട്ട കമ്പനിയുടെ പേരിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി അവരെത്തന്നെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

