* ബസ് മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി
* അപകടത്തില്‍പ്പെട്ടത് കൊല്ലം വെളിയത്തെ സണ്‍ഡേസ്‌കൂള്‍ സംഘം
* കയറ്റംകയറവേ പിന്നോട്ടുരുണ്ട ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു
* അപകടത്തില്‍പ്പെട്ടത് കൊല്ലം വെളിയത്തെ സണ്‍ഡേസ്‌കൂള്‍ സംഘം
* കയറ്റംകയറവേ പിന്നോട്ടുരുണ്ട ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു
വിതുര: പൊന്മുടി സംസ്ഥാന ഹൈവേയില്‍ കുളച്ചിക്കരയ്ക്ക് മുകളില്‍ 21-ാം ഹെയര്‍പിന്‍ വളവില്‍ (രണ്ടര വളവ്) ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ക്ക് പരിക്കേറ്റു.
കൊല്ലം വെളിയം മീയന്നൂര്‍ സണ്‍ഡേസ്‌കൂള്‍ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും ബസ് കരണംമറിഞ്ഞപ്പോള്‍ പലര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
22 ഹെയര്‍പിന്‍ വളവുകളുള്ള പൊന്മുടി സംസ്ഥാന ഹൈവേയില്‍ 21-ാം വളവിലാണ് അപകടമുണ്ടായത്. ഏറ്റവും അപകടസാധ്യതയുള്ള വളവുകളിലൊന്നായിട്ടും പൊതുമരാമത്ത് അധികൃതര്‍ റോഡരികില്‍ സുരക്ഷാമതില്‍ സ്ഥാപിച്ചിരുന്നില്ല.
കയറ്റംകയറാന്‍ കഴിയാതെ വാഹനം പിന്നിലേക്ക് ഉരുളാന്‍ തുടങ്ങിയപ്പോള്‍ ക്ലീനര്‍ അരുള്‍രാജ് ഇറങ്ങി വണ്ടിക്ക് അടവെച്ചെങ്കിലും അതിനുമുകളിലൂടെ ബസ് ഉരുണ്ട് പിന്നിലേക്ക് മറിയുകയായിരുന്നു. രണ്ട് കരണംമറിഞ്ഞ് 50 അടി താഴ്ചയില്‍ തേയിലക്കാട്ടിലെ മരത്തില്‍ തട്ടിനിന്നു. അപകടത്തിന്റെ ശബ്ദംകേട്ട് ഓടിയെത്തിയ തോട്ടം തൊഴിലാളികള്‍ യാത്രക്കാരെ പുറത്തെടുത്തശേഷം ബസ് വീണ്ടും 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് മറ്റൊരു മരത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ 18 പേര്‍ 16 വയസ്സില്‍ താഴെയുള്ളവരാണ്. ബസ് ഡ്രൈവര്‍ നിതീഷ് ഉള്‍പ്പടെയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.