പാലോട്. വിഷു ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമാക്കാന്‍ ക്ഷേത്രങ്ങളൊരുങ്ങി. മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണിയും വിഷുക്കാഴ്ചകളും പ്രത്യേക പൂജകളും നടക്കും. വിഷു പ്രമാണിച്ചു എക്സ് കോളനി കുട്ടത്തിക്കരിക്കകം ദുര്‍ഗ ഭഗവതി ക്ഷേത്രം, ഇലവുപാലം തമ്പുരാന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നാളെ രാവിലെ അഞ്ചു മുതല്‍ ക്ഷേത്രത്തിലെത്തി ഭക്തര്‍ക്കു വിഷുക്കണി കാണാനും വിഷുക്കൈനീട്ടം സ്വീകരിക്കാനുമുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉല്‍സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിഷുക്കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വാങ്ങിയും ആഘോഷം കേമമാക്കാനാണു പ്രായഭേദമെന്യേ എല്ലാവരുടെയും തീരുമാനം. കണിക്കൊന്നപ്പൂക്കളില്ലാതെ വിഷുവിനെപ്പറ്റി ചിന്തിക്കാനേ പറ്റില്ലെന്നതാണു വാസ്തവം. അതിനാല്‍ തന്നെ കൊന്നപ്പൂക്കള്‍ക്കുവേണ്ടി പരക്കം പായുകയാണു നാട്ടുകാര്‍. മുന്‍പു സര്‍വ സാധാരണമായുണ്ടായിരുന്ന കണിക്കൊന്നകള്‍ നാട്ടില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷമായതോടെ പൂക്കളുടെ വിലയുമേറി വരികയാണ്.
വഴിയോരങ്ങളില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന പൂക്കള്‍ക്കു തൊട്ടാല്‍പ്പൊള്ളുന്ന വിലയാണ്. കണിയൊരുക്കാന്‍ ഉപയോഗിക്കുന്ന വിഭവങ്ങളുടെ വിലയിലും കുറവില്ല. വര്‍ഷത്തിലൊരിക്കലുള്ള ഉല്‍സവമല്ലേയെന്നുള്ള ഭാവത്തില്‍ ചോദിക്കുന്ന വിലയ്ക്കു പൂക്കള്‍ സ്വന്തമാക്കാനുള്ള തിരക്കിലാണു പലരും. ഇങ്ങനെ ചിന്തിക്കുന്നവരില്‍നിന്നു നല്ല ലാഭം കൊയ്യുന്ന കച്ചവടക്കാരുമുണ്ട്. മലയോര ഗ്രാമീണ മേഖലയിലെ ഒറ്റപ്പെട്ട മേഖലകളില്‍നിന്നു പൂക്കള്‍ ശേഖരിച്ചു വാഹനങ്ങളില്‍ കൊണ്ടുവന്നു ജംക്ഷനുകള്‍ തോറും കൊണ്ടുനടന്നു വില്‍ക്കുന്നവരാണിവരിലേറെ.
പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നില്‍ക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥരില്‍നിന്നു വില പറഞ്ഞു കച്ചവട ബുദ്ധിയോടെ പൂക്കള്‍ വാങ്ങി വില്‍ക്കുന്നവര്‍ ഇന്നും നാളെയും ലാഭം കൊയ്യും. റെഡിമെയ്ഡ് വിഷുക്കണിക്കിറ്റും ചിലയിടങ്ങളില്‍ സുലഭമാണ്. വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയും വിഷു ആഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സമാധാനപരമായ ഒരു വിഷു ദിനം സാധ്യമാക്കാനുള്ള ശ്രമത്തിലാണു വനം വകുപ്പും വന സംരക്ഷണ സമിതിയും പൊലീസും.