പാലോട്. അമിത വേഗത്തില്‍ വന്ന കാര്‍ രണ്ട് ഇലവന്‍ കെവി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു മാഞ്ചിയം തോട്ടത്തിലേക്കു മറിഞ്ഞു. ഭരതന്നൂര്‍ സ്വദേശികളായ മൂന്നുപേര്‍ കാറിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും സാരമായ പരുക്കില്ല. പാലോട് പാണ്ടിയന്‍പാറയിലാണു സംഭവം. ഭരതന്നൂരില്‍ നിന്നു പാലോട്ടേക്കു വന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തങ്ങളെ ഓവര്‍ടേക്ക് ചെയ്ത്, അസഭ്യം വിളിച്ച ശേഷമാണു കാര്‍ കടന്നുപോയതെന്നു പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞു. പാങ്ങോട് പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്നു വൈദ്യുതി പോസ്റ്റുകള്‍ റോഡിനു കുറുകെ വീണതിനാല്‍ ഒരു മണിക്കൂറിലേറെ ഗതാഗതം നിലച്ചു.