![](http://images.mathrubhumi.com/images/2014/May/26/21647_583955.jpg)
സീതത്തോട്: കക്കി വനത്തിലെ കടുവയും കരടിയും കാട്ടുപോത്തും കാട്ടാനയുമെല്ലാം പാലോടുകാരന്‍ രവിക്ക് കൂട്ടുകാര്‍. കഴിഞ്ഞ 47 വര്‍ഷമായി കക്കി വനത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രവി ഇവിടെ കാട്ടുമൃഗങ്ങളോടല്ലാതെ ആരോട് കൂട്ടുകൂടാന്‍? ഉറ്റ ചങ്ങാതി വീരപ്പന്‍ എന്ന നായ. കൊലക്കയറില്‍നിന്ന് രക്ഷപ്പെടുത്തിയതുകൊണ്ടാണ് വീരപ്പന്‍ രവിക്ക് തുണയായി ഒപ്പം കൂടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഊണിലും ഉറക്കത്തിലും വിട്ടുപിരിയാനാവാത്തൊരു ആത്മബന്ധമാണ് വീരപ്പനും രവിയും തമ്മില്‍.
തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയായ രവി ശബരിഗിരി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1967ല്‍ അച്ഛന്‍ കണ്ണനൊപ്പം കക്കിയില്‍ എത്തിയതാണ്. പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളായിരുന്നു അന്ന് കക്കിയില്‍ ഉണ്ടായിരുന്നത്. രവിക്ക് അപ്പോള്‍ ഒന്‍പതു വയസ്സ് മാത്രം. അക്കൊല്ലംതന്നെ പദ്ധതി കമ്മീഷന്‍ ചെയ്തു. ആളും ആരവവും ഒഴിഞ്ഞു. കക്കി ആളൊഴിഞ്ഞൊരു പൂരപ്പറമ്പായി.
പക്ഷേ, രവി കക്കി വനമേഖല വിട്ടുപോയില്ല. വനവിഭവങ്ങളൊക്കെ ശേഖരിച്ച് ഇവിടെതന്നെയങ്ങ് കൂടി.
ഇപ്പോള്‍ നീണ്ട നാല്‍പ്പത്തിയേഴ് വര്‍ഷം പിന്നിട്ടു. ഒരു പുരുഷായുസ്സിന്റെ സിംഹഭാഗമെന്നുതന്നെ പറയാം. രവി തന്റെ ദിനചര്യകള്‍ പതിവുപോലെ തുടരുകയാണ്. വനത്തിനുള്ളില്‍ ഇത്രയധികം കാലം താമസിക്കാന്‍ രവി ആദിവാസി വിഭാഗത്തില്‍പെട്ടയാളല്ലെന്നതാണ് മറ്റൊരു സത്യം.
കക്കി ഡാമിന് സമീപം വനത്തില്‍ കെ.എസ്.ഇ.ബി.യുടെ പഴയൊരു ഇടിഞ്ഞുപൊളിഞ്ഞ ഒറ്റമുറികെട്ടിടത്തിലാണ് രവിയുടെയും വീരപ്പന്റെയും താമസം. ഈ മുറിക്ക് കതകുകളോ ജനലുകളോ ഇല്ല. ഒരു തുറന്ന പുസ്തകം. അതുകൊണ്ടാവാം വന്യമൃഗങ്ങളെല്ലാം രവിയുടെ താവളത്തിലെ പതിവുകാരായത്.
പൊളിഞ്ഞുകിടക്കുന്ന മുറിയുടെ വാതിലിലൂടെ കുറുമ്പന്‍മാരായ കുട്ടിയാനകള്‍ എത്രയോ തവണ ഈ ഒറ്റമുറിക്കുള്ളില്‍ കടന്നിരിക്കുന്നു. ഇവരുടെ വിക്രിയകള്‍ക്കിടയില്‍ ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ നിരവധി കഥകളും രവിക്ക് പറയാനുണ്ട്. തലനാരിഴയ്ക്കായിരുന്നു പലപ്പോഴും രക്ഷപ്പെടല്‍. ഇപ്പോള്‍ മുറിയിലേക്ക് കയറുന്നിടത്ത് ചെറിയ തോതില്‍ തീകൂട്ടും. വീരപ്പനും സമീപത്ത് കിടക്കും. ഇതു രണ്ടുമായാല്‍ സുരക്ഷിതമെന്നാണ് രവിയുടെ പക്ഷം.
വനത്തിനുള്ളിലെ ഓരോ മൃഗങ്ങളുടെ ചലനങ്ങളും ഈ മനുഷ്യന് ഹൃദിസ്ഥം. താമസിക്കുന്നതിനോട് ചേര്‍ന്ന കുന്നില്‍ വൈകീട്ട് അഞ്ചുമണി കഴിയുമ്പോഴേക്കും കാട്ടുപോത്തുകളെത്തുമെന്ന് രവി പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. സമയമെത്തിയപ്പോള്‍ കൃത്യമായി അത് കാട്ടിത്തന്നു. ഇങ്ങനെ ഒരോ മൃഗങ്ങളും വന്നെത്തുന്ന സ്ഥലങ്ങള്‍ ഇദ്ദേഹത്തിന് വ്യക്തം. വനത്തിനുള്ളിലെ വഴികളെല്ലാം നിശ്ചയമായ രവി വനപാലകര്‍ക്കും സഹായിയാണ്. എവിടെ എന്ത് ആവശ്യത്തിനും അവര്‍ക്ക് സഹായം ഉറപ്പ്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഒറ്റയ്ക്കാണ് പോകുന്നത്. കൂടെ വീരപ്പന്‍ മാത്രം. നിരവധി തവണ കടുവയുടെയും കരടിയുടെയുമൊക്കെ മുമ്പില്‍ ചെന്നുപെട്ടിട്ടുണ്ട്. രവി പക്ഷേ, പിന്നോട്ട് പോകില്ല. ഓരോ സ്ഥലത്തെയും മൃഗങ്ങളുടെ സാന്നിധ്യം വ്യക്തമായി അറിയാം. അതനുസരിച്ചാണ് നീക്കം.
ഒരിക്കല്‍ വനവിഭവങ്ങള്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ ഒരു മലഞ്ചെരിവില്‍ ഇപ്പോഴത്തെ സന്തതസഹചാരിയായ വീരപ്പന്‍ കൊലക്കയറില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടു. ജീവനുവേണ്ടിയുള്ള പിടച്ചിലായിരുന്നു അത്. വനവിഭവം ശേഖരിക്കാനെത്തിയ ഒരാള്‍ മദ്യലഹരിയില്‍ അയാളുടെ നായയെ കൊല്ലാനായി തൂക്കിലേറ്റിയതായിരുന്നു. ഒന്നും ആലോചിച്ചില്ല, കൊലക്കയറില്‍നിന്ന് രക്ഷപ്പെടുത്തി. അന്നു മുതല്‍ അവന്‍ ഒപ്പമുണ്ട്. വീരപ്പനെന്ന് രവി പേരും നല്‍കി.
വനവിഭവങ്ങള്‍ ശേഖരിച്ച് ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടാണ് ഇരുവരുടെയും ജീവിതം. ശേഖരിക്കുന്ന സാധനങ്ങള്‍ താമസസ്ഥലത്ത് എത്തി സൊസൈറ്റിക്കാര്‍ വാങ്ങും. കിട്ടുന്ന പണംകൊണ്ട് ആങ്ങമൂഴിയിലോ മൂഴിയാറിലോ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങും. രവിക്കും വീരപ്പനും പിന്നെ സുഭിക്ഷം.
വയസ്സ് അമ്പത്തിയാറായെങ്കിലും അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. അല്‍പ്പസ്വല്‍പ്പം വൈദ്യവും സ്വന്തമായുണ്ട്. വനത്തിനുള്ളിലെ ഔഷധച്ചെടികളെല്ലാം നിശ്ചയം. പിന്നെ എന്തിന് രോഗത്തെ ഭയക്കണം? വനവിഭവങ്ങളുടെ കാര്യത്തിലും രവിയുടെ നിശ്ചയം അപാരം.
കാലവര്‍ഷം ശക്തമായാല്‍ ദിവസങ്ങളോളം ചിലപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല. കടുത്ത മഞ്ഞും തണുപ്പും. തീകൂട്ടി മുറിക്കുള്ളില്‍തന്നെ കിടക്കും. കക്കി ഡാമിലെ പോലീസുകാരുമായി ചെറിയൊരു സൗഹൃദമുണ്ട്. ഇടക്കിടെ അവിടെ പോയി ടി.വി. കണ്ട് പുറംലോകത്തെ വിശേഷങ്ങളൊക്കെ നോക്കിക്കാണും. ഇതാണ് പുറംലോകവുമായി ആകെയുള്ള ബന്ധം.
വനവാസമാണ് രവിക്ക് ഇഷ്ടമെങ്കിലും നാട്ടില്‍ ഇദ്ദേഹത്തിന് ഒരു കുടുംബമൊക്കെയുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടില്‍ പോകും. പോയാലും ദിവസങ്ങള്‍ മാത്രമേ നില്‍ക്കൂ. കാടും കാട്ടാറും വന്യമൃഗങ്ങളുംതന്നെ നാടിനേക്കാള്‍ പ്രിയം. ഭാര്യ ലീല. രണ്ട് മക്കളുണ്ട്. മൂത്തമകന്‍ കൊച്ചുകുട്ടന്‍. മേസ്തിരിപ്പണിയാണ്. മകള്‍ ഷീജയ്ക്ക് ഒന്‍പതുവയസ്. സമയമാകുമ്പോള്‍ മകളെ വിവാഹം കഴിച്ചയയ്ക്കണമെന്ന് മോഹമുണ്ട്. ഇതിനായി ചെറിയൊരു തുക സ്വരുക്കൂട്ടി പാലോടുള്ള ബാങ്കില്‍ നിക്ഷേപിക്കാനും രവി മറന്നിട്ടില്ല.
ജീവിതത്തിന്റെ ശേഷിക്കുന്ന കാലവും കക്കി വനത്തില്‍തന്നെ കഴിയാനാണ് രവിക്ക് മോഹം. ഇവിടെയുള്ളതിനെല്ലാം സത്യമുണ്ട്. കാടും വന്യമൃഗങ്ങളൊന്നും ഇതുവരെ ചതിച്ചിട്ടില്ല.
തിങ്കളാഴ്ച പതിവുജോലികളെല്ലാം രവിയും വീരപ്പനും മാറ്റിവച്ചിരിക്കുകയാണ്. മറ്റൊന്നിനുമല്ല, നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ടി.വി.യിലൂടെ കാണാന്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോകണം. പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലെങ്കിലും ഒരു മാറ്റത്തിന് തുടക്കമല്ലേ?- രവി പറയുന്നു.