WELCOME
Friday, June 27, 2014
പുഴുവരിച്ച അരി 24 മണിക്കൂര്‍ സമരത്തിനൊടുവില്‍ തിരിച്ചയപ്പിച്ചു
വിതുര: സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് പുഴുവരിച്ച അരി കൊടുത്തയച്ച സംഭവത്തിനെതിരെ വിതുര നിവാസികള്‍ സമരം ചെയ്തത് 24 മണിക്കൂറിലേറെ. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിതുര മാവേലി സ്റ്റോറിന് മുന്നില്‍ തുടങ്ങിയ സമരമാണ് വ്യാഴാഴ്ച ഇതേസമയം അവസാനിപ്പിച്ചത്. പ്രാണികള്‍കയറി തുരന്ന് അരി മാവാക്കിയ ചാക്കുകള്‍ സപ്ലൈകോ വണ്ടിയില്‍ കയറ്റി തിരിച്ചയപ്പിച്ചശേഷം മാത്രം നിര്‍ത്തിയ സമരവുമായി ബന്ധപ്പെട്ട് ഒരുവിധ ക്രമസമാധാന പ്രശ്‌നവും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. ഒട്ടും പ്രതീക്ഷിക്കാതെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മാവേലിസ്റ്റോറില്‍ പരിശോധന നടത്തിയത് സമരം നടക്കുന്നതിനിടെയായിരുന്നു. ബുധനാഴ്ച പ്രതിഷേധവുമായി ആദ്യമെത്തിയത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെങ്കിലും പിന്നീട് യുവമോര്‍ച്ച, ജനതാദള്‍ -എസ്, കോണ്‍ഗ്രസ്, സി.പി.ഐ. പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. വൈകീട്ട് അടപ്പിച്ച സ്റ്റോറിന് രാത്രി സമരക്കാരുടെ കാവലുമുണ്ടായിരുന്നു. പുഴുവരിച്ച അരി ഇവിടെനിന്ന് മാറ്റാന്‍ രാത്രിേയാടെ എത്തിയ വണ്ടി ഇവര്‍ തിരിച്ചയയ്ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ നെടുമങ്ങാട്ടുനിന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി മാവേലിസ്റ്റോര്‍ തുറന്നെങ്കിലും ജീവനക്കാരെ ഉള്ളില്‍കയറ്റാന്‍ സമരക്കാര്‍ സമ്മതിച്ചില്ല. 11 മണിേയാടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി. 12 മണിക്ക് സപ്ലൈകോയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും ഒരുമണിയോടെ മന്ത്രിയുമെത്തി. രണ്ടര മണിയോടെ ഗോഡൗണിനുള്ളില്‍നിന്ന് അരിച്ചാക്കുകള്‍ പുറത്തെ വണ്ടിയില്‍ കയറ്റിയശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.


