പാലോട്. പാഠപുസ്തകങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ ചുറ്റുപാടുകളില്‍ നിന്നുള്ള ജീവിതാനുഭവ പാഠങ്ങളാണ് കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ നിര്‍ണായകമാകുകയെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍. സമൂഹത്തിലെ ഇല്ലായ്മകളും അവശതയനുഭവിക്കുന്നവരുടെ വേദനകളും തിരിച്ചറിയാനും അവയോടു കാരുണ്യപൂര്‍വം പ്രതികരിക്കാനും കുട്ടികള്‍ക്ക് രക്ഷിതാക്കളും അധ്യാപകരും അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയില്‍ ജില്ലാതലത്തില്‍ മൂന്നാംസ്ഥാനം നേടിയ ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തിനുള്ള പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. എട്ടാംക്ളാസ് വരെയുള്ള പ്രായം കുട്ടികളില്‍ മാനസിക-ശാരീരിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്.
ഈ പ്രായത്തില്‍ കുട്ടികളില്‍ പഠനത്തിന്റെ സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ക്ക് ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനാണ് രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയും ശാസ്ത്രവും പഠിക്കുന്നതിനൊപ്പം കലാ, കായികരംഗങ്ങളില്‍ കൂടി മികവുപുലര്‍ത്താന്‍ കുട്ടികള്‍ക്കു വഴിയൊരുക്കണം.
അധ്യയനരീതിയില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് നവോദയ വിദ്യാലയങ്ങള്‍ മികച്ച മാതൃകയാണ്. കുട്ടികള്‍ ഇല്ലാത്ത പൊതുവിദ്യാലയങ്ങള്‍ പലതും അധ്യാപകരുടെ ജോലി സംരക്ഷിക്കാന്‍ വേണ്ടി മാത്രം നിലനില്‍ക്കുകയാണ്. അട്ടക്കുളങ്ങര ഉള്‍പ്പെടെയുള്ള ഇത്തരം സ്കൂളിലെ കുട്ടികളെ മറ്റു പൊതുവിദ്യാലയങ്ങളിലേയ്ക്കു മാറ്റി അവയുടെ അടിസ്ഥാനസൌകര്യങ്ങള്‍
വികസിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
സ്കൂളിനുള്ള നല്ലപാഠം ട്രോഫിയും 10,000 രൂപയുടെ അവാര്‍ഡും അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എസ്. സജയകുമാര്‍, വി. വിശ്വനാഥ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡും അദ്ദേഹം സമ്മാനിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുന്‍ വിദ്യാര്‍ഥികളായ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് എസ്.ആര്‍. അഭയ് ശങ്കര്‍, പെസ്റ്റലോസി സ്കോളര്‍ഷിപ്പ് ജേതാവ് അശ്വതി. ജി. മനു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങളും വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രിന്‍സിപ്പല്‍ കെ.ഒ. രത്നാകരന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പിടിസി അംഗങ്ങളായ പി. ശ്രീദേവി, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.