പാലോട്: സൗദിഅറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായി പാലോട്ടെ സംസ്ഥാന സ്‌കൗട്ട്‌സ് പരിശീലനകേന്ദ്രത്തില്‍ 'ബാഡ്ജ്' ക്യാമ്പ് തുടങ്ങി. കെ.എസ്.എ.യിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 58 കുട്ടികളും അവരുടെ പത്ത് അധ്യാപകരുമാണ് ക്യാമ്പിലുള്ളത്. നാലുമുതല്‍ ഒമ്പതുവരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്യാമ്പ് ആണ് 'ബാഡ്ജ് കോഴ്‌സ്'.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളാണ് അധികവും. ഒരാഴ്ചത്തെ പരിശീലനത്തില്‍ കായികവും മാനസികവുമായ പാഠങ്ങള്‍ കൂടാതെ, പ്രഥമ ശുശ്രൂഷ, ഫയറിങ്, മാപ്പിങ്, യോഗ, ധ്യാനം എന്നിവയും പരിശീലിപ്പിക്കും. മന്ത്രി രമേശ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലോട് രവി എം.എല്‍.എ, സി. വിനോദ്കുമാര്‍, സക്കീര്‍ഹുസൈന്‍, പി.കുഞ്ഞന്നാമ്മ, അബ്ദുല്‍സമദ്, എ.അഷ്‌റഫ്, റഹ്മത്തുള്ള, തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.