WELCOME
Saturday, August 16, 2014
ഒടുവില്‍ പാങ്ങോട് പോലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ക്ക് മോചനമായി
കല്ലറ: ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും മരംകോച്ചുന്ന തണുപ്പത്തും പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ബൈക്കുകള്‍ക്ക് മോചനമാകുന്നു.
പതിനെട്ടാംതീയതി തിങ്കളാഴ്ച രാവിലെ ഇവ ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നല്ലതും ചീത്തയുമായ 27 ബൈക്കുകളാണ് ഉള്ളത്.
വര്‍ഷങ്ങളായി പല കേസുകളിലുള്‍പ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ കൂട്ടിയിട്ട് പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. പിറകുവശം മുഴുവന്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ മുന്‍ഭാഗത്തും വശങ്ങളിലുമായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. മഴയും വെയിലുമേറ്റ് പലതും തുരുമ്പിച്ച് നശിച്ചിട്ടുണ്ട്.
ഉന്നതാധികാരികളുടെ നിര്‍ദേശാനുസരണമാണ് 27 മോട്ടോര്‍ സൈക്കിളുകള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു. കിളിമാനൂര്‍ സി.ഐ. ഉള്‍പ്പെടെയുള്ളവര്‍ ലേലത്തിനു നേതൃത്വം നല്‍കും. കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും കാര്യത്തിലും ഇത്തരമൊരു തീരുമാനമുണ്ടാകണമെന്നാണ് നാട്ടുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ആവശ്യം.
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വര്‍ഷംതോറും ലേലം ചെയ്യാനുള്ള നടപടിയുണ്ടായാല്‍ സര്‍ക്കാറിലേക്ക് നല്ലൊരു തുക കണ്ടെത്താന്‍ കഴിയും. എന്തായാലും ഇഴജന്തുക്കളെ പേടിക്കാതെയും വാഹനങ്ങളില്‍ തട്ടിമറിഞ്ഞുവീണു പരിക്കുപറ്റാതെയും സ്റ്റേഷന്‍ പരിസരത്തു നില്‍ക്കാമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.