വിതുര: ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയെത്തുടര്‍ന്ന് വിതര കളീക്കല്‍ ഭാഗത്ത് മലവെള്ളമിറങ്ങി. ചന്തമുക്ക് സ്റ്റാന്‍ഡില്‍നിന്ന് കളീക്കല്‍ അടപ്പുപാറ ഭാഗത്തേക്ക് ഓട്ടം വന്ന ഓട്ടോറിക്ഷ മടക്കയാത്രയില്‍ ഒഴുക്കില്‍പ്പെട്ട് തകര്‍ന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവര്‍ പട്ടന്‍കുളിച്ചപാറ വയലിപ്പുല്ല് ശ്രുതിഭവനില്‍ പുഷ്‌കരനെ (39) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴുക്ക് കുറവായതിനാല്‍ വാഹനങ്ങള്‍ തോട്ടിലിറങ്ങിയാണ് അക്കരെ കടക്കുന്നത്. എന്നാല്‍, ഓട്ടോറിക്ഷയുടെ മടക്കയാത്രയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് നൂറുമീറ്ററോളം താഴേയ്ക്ക് ഒഴുകിയ വാഹനത്തെ വിതുര ഫയര്‍സ്റ്റേഷന്‍ ജീവനക്കാരെത്തിയശേഷമാണ് കരയ്‌ക്കെടുക്കാനായത്. ഓട്ടോറിക്ഷ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.