ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്ക് ലഭിക്കുന്ന ടാബ്ലറ്റിന് പൊതു വിപണിയില്‍ 2,999 രൂപയായിരിക്കും വില.
വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആകാശ് എന്ന പേരില്‍ ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനു കഴിയും വിധമാണ് ടാബ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ ആവശ്യമായതിനാല്‍ ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കായി 5,000 രൂപയില്‍ താഴെ വിലയുള്ള ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല.