പാലോട്: വിത്തും കൈക്കോട്ടും അന്യമായ പാടശേഖരത്തില്‍ വേറിട്ട 'മത്സരക്കാഴ്ചകള്‍'. പൂട്ടിമറിച്ചിട്ട മണ്ണടരില്‍ ഓട്ടവും ചാട്ടവുമായി ഒരു ഓണാഘോഷം. ചെല്ലഞ്ചി ഗ്രാമം '28-ാം ഓണം' ആഘോഷിച്ചപ്പോള്‍ ഒരു പ്രദേശമാകെ അതുകാണാന്‍ ഒഴുകിയെത്തി.
ചെല്ലഞ്ചി പാടശേഖരത്ത് ആവേശം വിതറി 28ാം ഒാണാഘോഷങ്ങളുടെ ഭാഗമായി നവചേതന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബും ചെല്ലഞ്ചി ഓണാഘോഷ കമ്മിറ്റിയും സംഘടിപ്പിച്ച വെള്ളത്തില്‍ മല്‍രങ്ങളിലെ വിജയികള്‍. വെള്ളത്തിലോട്ടം: അജേഷ് ചേപ്പിലോട്. വടത്തില്‍ തൂക്കം: ജി.പി. ജിതിന്‍. വടം വലി: നവമി ടീം പനയമുട്ടം. വിജയികള്‍ക്കു ചെല്ലഞ്ചി പ്രസാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവചേതന പ്രസിഡന്റ് നിതീഷ്, സെക്രട്ടറി വിജിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
ഉഴുതുമറിച്ചിട്ട പാടശേഖരത്തില്‍ വെള്ളത്തില്‍ ഓട്ടം, വെള്ളത്തില്‍ വടംവലി, വെള്ളത്തിന്മുകളിലൂടെ വടത്തില്‍ തൂങ്ങിയുള്ള യാത്ര തുടങ്ങിയ മത്സരങ്ങളാണ് ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് ഈ ഗ്രാമം സംഘടിപ്പിച്ചിരുന്നത്. നവചേതന ഗ്രന്ഥശാലയാണ് മത്സരങ്ങള്‍ നടത്തിയത്.
നെടുമങ്ങാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് യുവാക്കളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 35 പേര്‍ പങ്കെടുത്ത വടത്തില്‍കയറ്റ മത്സരത്തില്‍ ചേപ്പിലോട് സ്വദേശി നവമി അജേഷ് ആണ് ഒന്നാംസ്ഥാനത്തെത്തിയത്. വെള്ളത്തില്‍ ഓട്ടമത്സരത്തില്‍ സപ്തപുരം ജിതിന്‍ ഒന്നാംസ്ഥാനം നേടി. വെള്ളത്തില്‍ വടംവലി മത്സരത്തില്‍ പത്ത് ടീമുകളെ പിന്തള്ളി പനയമുട്ടം നവമി ഒന്നാംസ്ഥാനത്തെത്തി.
രണ്ട് പതിറ്റാണ്ടുകാലമായി നടന്നുവരുന്ന ചെല്ലഞ്ചിയിലെ മത്സരങ്ങളിലെ വിജയികള്‍ക്ക് ജി.ആര്‍.പ്രസാദ്, സോമന്‍, സജീവ്, ബിനു, രജിലാല്‍, ദീപു, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.