പാലോട്: ഗ്രാമീണ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും നൂറുകണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ അനവധി കുട്ടികള്‍ ഹരിശ്രീ കുറിച്ചു. മേല്‍ശാന്തി രാജന്‍ പോറ്റി കാര്‍മികത്വം വഹിച്ചു. കുട്ടികള്‍ക്കു കളിക്കുടുക്കയുടെയും മാജിക് പോട്ടിന്റെയും സമ്മാനങ്ങള്‍ നല്‍കി. കുട്ടത്തികരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭച്ചടങ്ങ് നടന്നു. റിട്ട. അധ്യാപിക രാധമ്മ കാര്‍മികത്വം വഹിച്ചു.
ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു
വിതുര: ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളിലും മറ്റും വിജയദശമിദിനത്തില്‍ ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. സരസ്വതീക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഗണപതിഹോമം, വിശേഷാല്‍പൂജ എന്നിവയും ഉണ്ടായിരുന്നു. വിതുര മഹാദേവര്‍ക്ഷേത്രത്തില്‍ മേല്‍ശാന്തി എന്‍. കേശവന്‍പോറ്റിയും ചായം ഭദ്രകാളിക്ഷേത്രത്തില്‍ മേല്‍ശാന്തി എസ്. ശംഭുപോറ്റിയും പരപ്പാറ കുളമാന്‍കോട് ശ്രീദേവീക്ഷേത്രത്തില്‍ ക്ഷേത്രതന്ത്രി പ്രഫ. വീരണകാവ് ശംഭുപോറ്റിയും മേല്‍ശാന്തി കെ. നാരായണന്‍പോറ്റിയും കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു. ചായം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആനപ്പെട്ടി, വിതുര, ആനപ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രങ്ങള്‍, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളിക്ഷേത്രം, തൊളിക്കോട് ആടാംമൂഴി ബാലഭദ്രദേവീക്ഷേത്രം, കല്ലാര്‍ മാരിയമ്മന്‍ക്ഷേത്രം, വിതുരബാലഭവന്‍, പാരലല്‍കോളജുകള്‍ എന്നിവിടങ്ങളിലും പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു.