പാലോട്: തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മടത്തറയില്‍ കച്ചവടക്കാരെ കബളിപ്പിച്ചു മുങ്ങുന്ന സംഘങ്ങള്‍ സജീവമായതായി പരാതി. പുതുതായി കട തുടങ്ങുന്നവരാണ് ഏറെയും കബളിപ്പിക്കപ്പെടുന്നത്.
കച്ചവട കേന്ദ്രത്തിലെത്തുന്ന സംഘം പ്രധാന കമ്പനികളുടെ പ്രതിനിധികളാണെന്നു പരിചയപ്പെടുത്തിയ ശേഷം ഓര്‍ഡര്‍ ശേഖരിക്കുകയും കൂടുതല്‍ സാധനങ്ങള്‍ എടുത്താല്‍ ഫ്രിഡ്ജ് അടക്കമുള്ളവ കിട്ടുമെന്നു വാഗ്ദാനം നല്‍കി ആദ്യം ഒരു തുക വാങ്ങുകയും ചെയ്യുന്നു. എന്നാല്‍, സംഘം പിന്നീട് വരാറില്ല എന്നു മാത്രമല്ല നല്‍കുന്ന സാധനങ്ങള്‍ പലതും വ്യാജനുമാണ്. ബില്‍ അടക്കം നല്‍കിയാണു പണം വാങ്ങുന്നതെങ്കിലും അതിലെ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ കിട്ടാറില്ല.
മടത്തറയില്‍ ഇങ്ങനെ അനവധി കച്ചവടക്കാര്‍ തട്ടിപ്പിനിരയായെന്നും, പലരും പുറത്തു പറയാത്തതു മൂലം മറ്റ മേഖലകളില്‍ തട്ടിപ്പു തുടരുകയാണെന്നും അറിഞ്ഞു. കഴിഞ്ഞ ദിവസം മടത്തറയ്ക്കു സമീപം തുമ്പമണ്‍തൊടിയിലെ കച്ചവടക്കാരനില്‍ നിന്ന് 6000 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. സമാന സംഭവം അടുത്തിടെ നന്ദിയോട് ഇളവട്ടത്തും നടന്നു.