WELCOME
Tuesday, October 18, 2011
ഇടിഞ്ഞാര്‍ ആയൂര്‍വേദ ആസ്‌പത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
പെരിങ്ങമ്മല: നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന ഇടിഞ്ഞാറിലെ ഗവ. ആയൂര്‍വേദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ മൂന്നുമാസകാലമായി ഈ സ്ഥാപനം തുറക്കുന്നത് മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രം. ചികിത്സ തേടി ഇവിടെ എത്തുന്ന രോഗികള്‍ നിരാശരായി മടങ്ങേണ്ട ഗതികേടില്‍. ഇടിഞ്ഞാര്‍ ഗവ. ആയൂര്‍വേദ ആസ്‌പത്രിയുടെ സ്ഥിതി ഇതാണെങ്കില്‍ ഇതിന്റെ ഉപകേന്ദ്രങ്ങളായ ഇലഞ്ചിയം, പാമ്പുചത്തമണ്ണ്, ഗവ. ആയൂര്‍വേദ ആസ്പത്രികളുടെ സ്ഥിതിയും അതിലേറെ ദയനീയം. ഈ രണ്ട് കേന്ദ്രങ്ങളും ആഴ്ചയില്‍ ഒരു ദിവസം പോലും തുറക്കുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി ആസ്പത്രിയില്‍ കൃത്യമായി ഡോക്ടറില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറിപോയി. പകരം പുതിയ ആള്‍ വന്നെങ്കിലും അദ്ദേഹം ദൂരപരിധിമൂലം കൃത്യമായി വന്നുപോകാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടിഞ്ഞാറില്‍ ആസ്പത്രി പ്രവര്‍ത്തിക്കുന്നതും രണ്ട് കുടുസ് മുറികളിലാണ്. രണ്ട് നിലയുടെ മുകളില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് പടിക്കെട്ടുകള്‍ കയറി രോഗികള്‍ക്ക് വന്നുപോകാനും ഏറെ പ്രയാസമാണ്. കൈകാലുകള്‍ ഒടിഞ്ഞവര്‍, പ്രായാധിക്യത്താല്‍ ചികിത്സ തേടുന്നവര്‍ എന്നിവരെല്ലാം ഇവിടെ ഏറെ ക്ലേശത സഹിച്ചാണ് ചികിത്സ തേടി എത്തുന്നത്.
ഇടിഞ്ഞാര്‍ ആയൂര്‍വേദ ആസ്‌പത്രിയുടെ ശാഖകളാണ് പാമ്പ് ചാത്തമണ്‍ ആയൂര്‍വേദ കേന്ദ്രവും ഇലഞ്ചിയം ആയൂര്‍വേദ കേന്ദ്രവും. ഈ മൂന്നുസ്ഥലങ്ങളും ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ നന്നായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ കല്ലണകരിക്കകം, വിട്ടിക്കാവ്, ഒരുപറ, പാമ്പ് ചത്തമണ്ണ്, കലയപുരം, അടിപറമ്പ്, ഇലഞ്ചിയം, ഞാറനീലി, കാട്ടിലക്കുഴി, മുത്തിപ്പാറ, ഇട്ടിമൂട്, ചെന്നല്ലിമൂട്, മഞ്ഞണത്തുംകടവ് തുടങ്ങി നൂറുകണക്കിന് ആദിവാസി ഊരുകളില്‍ നിന്നുള്ളവരാണ് ആസ്‌പത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗതികേടിലായി തീര്‍ന്നത്.