പാങ്ങോട്: പാങ്ങോട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി കട്ടപ്പുറത്തായിരുന്ന ആംബുലന്‍സ് ഒടുവില്‍ എന്‍.ആര്‍.എച്ച്.എം തിരിച്ചെടുത്തു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെയിലും മഴയുമേറ്റ് തുരുമ്പിച്ച് പ്രവര്‍ത്തനരഹിതമായിക്കിടക്കുകയായിരുന്നു ആംബുലന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൌമുദി വാര്‍ത്ത നല്‍കിയിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു ഇവിടെ ആംബുലന്‍സ് അനുവദിച്ചുകിട്ടിയത്. കട്ടപ്പുറത്ത് കയറിയതും ആ സമയത്തുതന്നെ. ആംബുലന്‍സിനുവേണ്ടി ഓഫീസിന് സമീപം ഒന്നേകാല്‍ ലക്ഷം രൂപയോളം മുടക്കി പാര്‍ക്കിംഗ് ഷെഡും കെട്ടി. എന്നാല്‍ പണി തീര്‍ന്നപ്പോഴാണ് ഷെഡിന് പൊക്കക്കുറവുണ്ടെന്ന് ബോദ്ധ്യമായത്. തുടര്‍ന്ന് ആംബുലന്‍സ് വെളിയില്‍ ഇട്ടു. കരാറുകാരനും എന്‍ജിനിയറും പഞ്ചായത്തുകാരും പരസ്പരം പഴിചാരി രക്ഷപ്പെട്ടെങ്കിലും നാണക്കേടുകാരണം ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.