പാലോട്: കിയോസ്ക് നിര്‍മാണം പൂര്‍ത്തിയാക്കി ടിവിയും വാങ്ങിവച്ചിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പന്‍കാട് ആദിവാസി മേഖലകളില്‍ ടിവി സ്ഥാപിക്കാനുള്ള പദ്ധതി യാഥാര്‍ഥ്യമായില്ല. കിയോസ്കുകള്‍ കാടുമൂടി. ടിവിയാകട്ടെ നന്ദിയോട് ട്രൈബല്‍ ഓഫിസിന്റെ മൂലയില്‍ പൊടിയും വലയും മൂടി നശിക്കുന്നു. ആദിവാസി പദ്ധതി പ്രകാരം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയാണ് മാങ്കുഴി, കിടാരക്കുഴി, വട്ടപ്പന്‍കാട് എന്നീ മേഖലകളില്‍ ലക്ഷങ്ങള്‍ മുടക്കി മൂന്നു കിയോസ്കുകള്‍ നിര്‍മിക്കുകയും വയറിങ് നടത്തുകയും ചെയ്തത്.
എന്നാല്‍ ഇതുവരെ കറന്റു ലഭിച്ചിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി കെട്ടിട നമ്പര്‍ നല്‍കി കറന്റിന് അപേക്ഷ നല്‍കിയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തടസ്സമില്ലെന്നിരിക്കെയാണ് അഞ്ചുവര്‍ഷമായി അനാസ്ഥയുടെ പ്രതീകമായി കാടു മൂടി നശിക്കുന്നത്. എന്നാല്‍ മാങ്കുഴിയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്ക് കണ്ടാല്‍ അല്‍പം രസത്തിനു വകയുണ്ട്. ഒരു സ്വകാര്യ വ്യക്തി പഞ്ചായത്തിനു വിട്ടുകൊടുത്ത പുരയിടത്തില്‍ നിര്‍മിച്ചിരിക്കുന്ന കിയോസ്കിന്റെ മുന്‍വശത്തു വനമാണ്. അതുകൊണ്ടുതന്നെ വന്യ മൃഗങ്ങള്‍ക്കു കാണാനാണോ ഇതു സ്ഥാപിച്ചതെന്നു സംശയം തോന്നും.
മഴക്കാലത്തു ടിവി കാണുകയും വേണ്ട. കിയോസ്കിന്റെ തൊട്ടു മുന്നില്‍ക്കൂടി മുള്ളുവേലി കെട്ടിയിട്ടുണ്ട്. പ്രസ്തുത വ്യക്തി വേലി എടുക്കാന്‍ വിസമ്മതിച്ചാല്‍ ടിവി വയ്ക്കാനും നിര്‍ത്താനും അതു ചാടി കടക്കേണ്ടി വരും. ഇനി ഇതെല്ലാം പരിഹരിച്ചാലും വനത്തിലിരുന്നു കാണാന്‍ വനം വകുപ്പ് അനുവദിക്കുമോ എന്നതാണു പ്രസക്തമായ ചോദ്യം. ആദിവാസികള്‍ക്കു ഗുണകരമാകുന്ന എന്തെല്ലാം പദ്ധതികളുണ്ട് - എന്നിട്ടാണു കാട്ടിലൊരു ടിവി