വസ്ത്രവ്യാപാരികളെ വിറപ്പിച്ച് ആറംഗ തമിഴ് യുവതികള്‍
തിരുവനന്തപുരം: നഗരത്തിലെ വസ്ത്രവ്യാപാരികളെ വിറപ്പിച്ച് ആറംഗ തമിഴ് യുവതികള്‍ വ്യാപക മോഷണവുമായി വിലസുന്നു. ചില്ല് ഗാസ് പതിപ്പിച്ച വെള്ള അംബാസഡര്‍ കാറിലാണ് ഈ 'തിരുടിസംഘത്തിന്റെ കറക്കം. ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട് അന്‍പതും അറുപതും ചുരിദാര്‍ സെറ്റുകളാണ് ഇവര്‍ ഓരോ കടയില്‍ നിന്ന് അപഹരിച്ചത്. പരുത്തിപ്പാറയിലെ കോട്ടണ്‍ ആന്‍ഡ് മോര്‍ എന്ന കടയില്‍ കഴിഞ്ഞ മാസം ഈ സംഘം നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങള്‍ മെട്രോ മനോരമയ്ക്കു ലഭിച്ചു. ഒന്നര മാസത്തിനിടെ നഗരത്തിലെ 12 കടകളില്‍ ഇതേ സംഘം തന്നെയാണു മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങള്‍ കണ്ട മറ്റു കടയുടമകളും ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കുമാരപുരത്തെ സുഹ ടെക്സ്റ്റൈല്‍സില്‍ ഇതേ സംഘമാണു വ്യാഴാഴ്ച അറുപതോളം ചുരിദാര്‍ മോഷ്ടിച്ചത്. എന്നാല്‍ സിറ്റി പൊലീസാകട്ടെ ഇതൊന്നും അന്വേഷിക്കാതെ മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുന്ന തിരക്കിലും.
ഈ സംഘത്തില്‍ ഒരു കറുത്തു തടിച്ച പുരുഷനുമുണ്ടെന്നു കടയുടമകള്‍ പറയുന്നു. ആദ്യം ഇയാള്‍ എത്തി കടയില്‍ കയറി എല്ലാം നോക്കിയശേഷം കുറഞ്ഞ വിലയ്ക്ക് ഒരു ചുരിദാറും വാങ്ങി മടങ്ങും. രണ്ടോ മൂന്നോ ജീവനക്കാരുള്ള കടകളാണു സംഘത്തിന്റെ ലക്ഷ്യം. ഉച്ചഭക്ഷണനേരത്താണ് എല്ലാ കടകളിലും മോഷണം നടന്നത്. അഞ്ചോ ആറോ സ്ത്രീകള്‍ അടങ്ങിയ സംഘം വെള്ള കാറിലെത്തും. അകത്തേക്കു കയറി തങ്ങള്‍ക്കു ഗിഫ്റ്റ് നല്‍കാന്‍ വിലകൂടിയ രണ്ടു മൂന്നു ചുരിദാറുകള്‍ വേണമെന്നു പറയും.
ശേഷം ഓരോ സ്ത്രീയും ഓരോ ജീവനക്കാരിയെയും ഏതെങ്കിലും മൂലയിലേക്കു കൂട്ടികൊണ്ടുപോകും. അവര്‍ അവിടെയുള്ള സകലമാന ചുരിദാറുകളും നോക്കിക്കൊണ്ടേയിരിക്കും. ഈ സമയം കൂട്ടത്തിലുള്ള ഒരു തടിച്ച സ്ത്രീയും മറ്റു രണ്ടു സ്ത്രീകളും കടയുടെ മറ്റേതെങ്കിലും ഭാഗത്ത് ഒരുമിച്ചു നിന്നു സെറ്റുകള്‍ നോക്കും. അതിനിടെയാണു തമിഴ്സംഘത്തിന്റെ മോഷണകല മിന്നല്‍വേഗത്തില്‍ അരങ്ങേറുന്നത്. തടിച്ച സ്ത്രീ ഒരു വലിയ ഷാള്‍ നിവര്‍ത്തിപ്പിടിക്കും. മെലിഞ്ഞ സ്ത്രീ എട്ടു-പത്തു ചുരിദാര്‍ സെറ്റെടുക്കുന്നു. സാരി പൊക്കുന്നു. അതിനടിയിലുള്ള സഞ്ചിയില്‍ ഇവ ഒരുമിച്ചു വയ്ക്കുന്നു. പെട്ടെന്നു നിവരുന്നു. തുടര്‍ന്ന് അവര്‍ മാത്രം പുറത്തേക്കു പോകുന്നു. കാറിനുള്ളില്‍ 'കുളന്ത കരയുന്നു എന്നു പറഞ്ഞാണു പോക്ക്. അതെല്ലാം കാറില്‍ നിക്ഷേപിച്ച ശേഷം മടങ്ങിയെത്തുന്നു. ഒന്നുമറിയാത്ത പോലെ അടുത്ത കെട്ടെടുത്തു വീണ്ടും പുറത്തേക്ക്.
നാലഞ്ചു പ്രാവശ്യം ഈ പ്രക്രിയ നടത്തുമ്പോള്‍ കാറിനുള്ളില്‍ അന്‍പതിലേറെ ചുരിദാര്‍ സെറ്റുകളെത്തിയിരിക്കും. ചിലപ്പോള്‍ കാറില്‍ നിന്നു പണമെടുത്തു വരാം എന്നുപറഞ്ഞായിരിക്കും പോകുന്നത്. മോഷണം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കുറഞ്ഞ ഒന്നോ രണ്ടോ ചുരിദാര്‍ വാങ്ങി പോകും. പരുത്തിപ്പാറയിലെ വ്യാപാരി സിഡി സഹിതമാണു പൊലീസില്‍ പരാതി നല്‍കിയത്. പിന്നീടു പ്ളാമൂട്, വെഞ്ഞാറമൂട്, തിരുവല്ല, പട്ടം എന്നിവിടങ്ങളിലെ കടകളിലും ഇതേ സംഘമാണു മോഷണം നടത്തിയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ചിലര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഏതായാലും ഒന്നര മാസമായി ഈ സംഘം ജില്ലയില്‍ വിലസുകയാണ്. ഇക്കാര്യങ്ങള്‍ ഇനി മറ്റുള്ള വ്യാപാരികള്‍ക്കു മുന്നറിയിപ്പാണ്. നാട്ടുകാരും വ്യാപാരികളും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ പൊലീസ് സഹായമില്ലാതെ തന്നെ ഈ സംഘത്തെ കുടുക്കാം.