പാലോട്: ചുങ്കി മങ്കി... ഇവള്‍ ചീനക്കാരി. തീ തരികൊണ്ടാല്‍ ഇവള്‍ ആടിത്തിമിര്‍ക്കും. പല വര്‍ണങ്ങളില്‍... പല ചുവടുകളില്‍. അടുക്കളയിലായിപ്പോയ മരുമകള്‍ക്കും കുളിമുറിയിലായിപ്പോയ അമ്മായിഅമ്മയ്ക്കും നേരം പോലെ വന്നിരുന്ന് കണ്ടാസ്വദിക്കാം. പെട്ടെന്ന് അണയുന്നവളല്ലിവള്‍. പല രാഗങ്ങള്‍ പാടി പല ചുവടുകളാടിയേ പോകൂ...!
ദീപാവലി പടക്കച്ചന്തകളിലെ പുത്തനിനമാണ് ചുങ്കി മങ്കി. വില കേട്ട് പേടിക്കരുത്. വെറും '900' രൂപയെയുള്ളൂ. എങ്കിലെന്ത് ഒന്നു മതിയല്ലോ!
ദീപാവലിനാളടുത്തതോടെ കുരുകുരാ കുരുക്കുകയാണ് പടക്കക്കടകള്‍.ക്രിക്കറ്റ് കളിക്കാന്‍ ഗ്രൌണ്ടും ബാറ്റും ബാളും സ്റ്റമ്പുമൊന്നും വേണ്ട. നൂറുരൂപ കൊടുത്താല്‍ കിട്ടും ക്രിക്കറ്റ് തോക്ക്. അതിലുണ്ട് എല്ലാം. തോക്കിനൊപ്പം കിട്ടുന്ന സ്റ്റമ്പുകള്‍ ദൂരെ മാറ്റിനിറുത്തി തോക്കിലെ കാഞ്ചിവലിച്ചാല്‍ ക്ളീന്‍ ബൌള്‍ഡ്!
ഇവനല്ല, സുരേഷ്ഗോപിയുടെ തോക്കാണ് വേണ്ടതെങ്കില്‍ അതുമുണ്ട് മാര്‍ക്കറ്റില്‍. വില നൂറു രൂപ. അതിനൊപ്പം ചില്ലറ വെടിക്കോപ്പുകളും സമ്മാനങ്ങളും ഫ്രീ... 'ഷിറ്റ്' നമ്മള്‍ പറയണമെന്നുമാത്രം.
തോക്കുകളുടെ ശേഖരമാണ് പടക്കക്കടകളില്‍ നിരന്നിരിക്കുന്നത്. കള്ളന്മാരുടെ കളിത്തോക്ക്, ഗുണ്ടകളുടെ ഉണ്ടയുള്ള തോക്ക്, ക്വട്ടേഷന്‍ തോക്ക്, എന്തിന് കോഴിക്കോട് വെടിവയ്പോടെ പൊലീസിന്റെ 'പിള്ളത്തോക്കും' റെഡി.പൂത്തിരിക്കൂട്ടം ആരെയുമാകര്‍ഷിക്കുംവിധം നിരത്തിയിരിക്കുന്നു. വില അല്പം കൂടുമെങ്കിലും കുട്ടികളുടെ കൈകളിലിരുന്ന് കത്തുമ്പോള്‍ മഴവില്‍ക്കാവടിയാടുന്ന മുന്തിയ ഇനം വീട്ടുമുറ്റത്തും വീട്ടിനകത്തും വര്‍ണം ചൊരിയും. ട്രൈ കളര്‍, ജയിന്റ്, മയില്‍ നൃത്തമാടുന്ന മിനി ഫൌണ്ടന്‍, പൂക്കുല തീര്‍ക്കും ചൈനക്കാരി ടു ഇന്‍ വണ്‍, ടയര്‍ പൂത്തിരി എന്നിങ്ങനെ പുതുവര്‍ണങ്ങള്‍ ഏറെയുണ്ട് ഇത്തവണ.
മാജിക് വിപ്പ് ആണ് ഇവയിലെ രാജന്‍. സംഗതി ഒരു തിരിയാണ്. അയയിലോ ജനാലക്കമ്പിയിലോ കെട്ടിയിട്ട് കത്തിച്ചാല്‍ വര്‍ണങ്ങള്‍ വിരിയും. ചറുപറെ വെടിയൊച്ചയും കേള്‍ക്കാം. പൂക്കള്‍ വിടര്‍ത്തുന്ന പൂത്തിരിക്കൂട്ടം പച്ചയിലും മഞ്ഞയിലും ചുവപ്പിലും കറുപ്പിലും കിട്ടും. റോക്കറ്റുകളുടെ മായാലോകമാണ് മറ്റൊന്ന്. കേമന്‍ പാടിപ്പറക്കുന്ന മ്യൂസിക്കല്‍ റോക്കറ്റാണ്. വില 250 രൂപ. കളര്‍ വെടികള്‍ പൊഴിക്കുന്ന ലിയോ ഫൈറ്റര്‍, ആകാശത്ത് ചുവന്ന സൂര്യനെപ്പോലെ റോക്കറ്റ് ബോംബ്, കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യന്‍ കിംഗ് മുതല്‍ കേണല്‍ ഗദ്ദാഫി വരെയുണ്ട് റോക്കറ്റ് ശേഖരത്തില്‍.
നവതരംഗം മനസിലാക്കി രാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇക്കുറി പൂത്തിരികളും പൂക്കുറ്റികളും റോക്കറ്റുകളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജില്ലയിലെ പടക്ക മൊത്തവ്യാപാരി വി.എസ്. ട്രേഡിംഗ് കമ്പനി ഉടമ ഭാസ്കര്‍ രാജന്‍ പറയുന്നു.
നൂറു രൂപ മുതലുള്ള ഓരോ ബില്ലിനും സമ്മാനം ഉറപ്പാക്കിയിരിക്കുന്ന ചാല മരക്കട റോഡിലെ പടക്കക്കടയില്‍ ബഡ്ജറ്റിനൊതുങ്ങുന്ന ഗിഫ്റ്റ് പാക്കറ്റുകളും റെഡി. ഇനി ഭൂമികുലുക്കം വെടിയൊച്ച കേട്ടാലേ 'ദീപാവലി' കൊഴുക്കൂ എന്നു കരുതുന്നവര്‍ക്കുമുണ്ട് ഒട്ടേറെ സാമഗ്രികള്‍. കുറ്റി അമിട്ട്, പാറ അമിട്ട്, ഗദ്ദാഫി അമിട്ട്, സദ്ദാം ഹുസൈന്‍ അമിട്ട്, ഏഴുനില അമിട്ട്...
ചീനക്കാരുടെ പടക്കങ്ങളാണ് ഇക്കുറി മാര്‍ക്കറ്റില്‍ സുലഭം.