P
പാലോട്(തിരുവനന്തപുരം):
ഭാര്യയെ കഴുത്തില്‍ കയറുമറുക്കി ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭര്‍ത്താവ്
തൂങ്ങിമരിച്ചു. കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ മകനും മകളും അത്ഭുതകരമായി
രക്ഷപ്പെട്ടു. നന്ദിയോട് പച്ച ഓരുകുഴി തടത്തരികത്ത് വീട്ടില്‍ സുദര്‍ശനന്‍
(50) ആണ് ഭാര്യ ലതാദേവി (42) യെ കഴുത്തില്‍ കയറുമുറുക്കി കൊന്നശേഷം
ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും
കാരണമായതെന്ന് പറയുന്നു.ബുധനാഴ്ച രാത്രി 12 ഓടെയാണ് സംഭവം. ലതാദേവിയെ കൊന്നശേഷം സുദര്‍ശനന്‍ മകള്‍ നന്ദനയുടെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നന്ദനയുടെ നിലവിളികേട്ട് സഹോദരന്‍ അനന്ദു ഉണര്‍ന്നെണീറ്റു. നിലവിളികേട്ട് ഓടിവന്ന അനന്ദുവിന്റെ കഴുത്തിലും സുദര്‍ശനന്‍ കയര്‍ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ അച്ഛന്റെ കൈ കടിച്ചുമുറിച്ചശേഷം അനന്ദു സഹോദരി നന്ദനയേയും എടുത്തുകൊണ്ട് പുറത്തേക്കോടി. ഇവരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തുന്നതിനിടെ സുദര്‍ശനന്‍ കതക് അകത്തുനിന്ന് കുറ്റിയിട്ടശേഷം ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ചു.
അയലത്തെ വീട്ടില്‍ എത്തിച്ചശേഷമാണ് അവശയായ നന്ദനയുടെ കഴുത്തിലെ കയര്‍ അറുത്തുമാറ്റിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പാലോട് എസ്.ഐ. വി. ബൈജുവും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് വീടുതുറന്ന് നടത്തിയ പരിശോധനയിലാണ് ലതാദേവിയെ കട്ടിലില്‍ മരിച്ച നിലയിലും സുദര്‍ശനനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. ഉടന്‍തന്നെ നന്ദനയെ എസ്.എ.ടി. ആസ്പത്രിയിലേക്ക് മാറ്റി. ദമ്പതിമാരുടെ മൃതശരീരങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി നെടുമങ്ങാട് താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സംഭവം നടക്കുമ്പോള്‍ ലതയുടെ അമ്മ എണ്‍പത് വയസ്സുകാരി സാവിത്രി അമ്മ ഈ വീട്ടില്‍ ഉണ്ടായിരുന്നു.
ഇരുപത് വര്‍ഷമായി വിദേശത്ത് ജോലിചെയ്തിരുന്ന സുദര്‍ശനന്‍ കൈയ്ക്ക് അപകടം പറ്റിയതിനാല്‍ ഈ വര്‍ഷമാദ്യമാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് പോകുന്നുണ്ട്.
ലതാദേവി നന്ദിയോട്ടെ പാരലല്‍ കോളേജ് അധ്യാപികയാണ്. അനന്ദു ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ചിലും അമ്മു എന്ന നന്ദന പാലുവള്ളി ഗവ. യു. പി. എസ്സിലെ അഞ്ചാം ക്ലാസിലും പഠിക്കുന്നു. നന്ദന അപകടനില തരണം ചെയ്തതായി ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ നന്ദിയോട്ടെ വീട്ടില്‍ എത്തിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി സംഭവസ്ഥലത്തെത്തി വിശദപരിശോധനകള്‍ നടത്തി. പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. എസ്. പ്രദീപ്കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല.