വിതുര: അടിപറമ്പ് ജഴ്‌സിഫാമില്‍ നടന്നുവരുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗേ്‌നാ)യുടെ ഭൂമിസര്‍വേ തിങ്കളാഴ്ച ഫാം തൊഴിലാളികള്‍ തടഞ്ഞു. ഇഗേ്‌നായുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം തുടങ്ങുന്നതിന് മുന്നോടിയായുള്ള സര്‍വേയാണ് തടഞ്ഞത്. ഫാമിലെ ക്വാര്‍ട്ടേഴ്‌സും കൃഷിസ്ഥലവും അളന്നുതിരിക്കാനുള്ള ശ്രമമാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.
മൃഗസംരക്ഷണ വകുപ്പിന്റെ അടിപറമ്പ് ജഴ്‌സിഫാമില്‍ നിന്ന് 25 ഏക്കര്‍ ഭൂമിയാണ് ഇഗേ്‌നാ കേന്ദ്രത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. സ്ഥാപനത്തിന്റെ നിര്‍ദിഷ്ട മേധാവിയും സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യയുമായ ഡോ. സുലേഖയുടെ സാന്നിധ്യത്തില്‍ നെടുമങ്ങാട് താലൂക്കില്‍ നിന്നുള്ള സര്‍വേ ടീമാണ് ഭൂമി അളന്നുതിരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഫാമിന്റെ ക്വാര്‍ട്ടേഴ്‌സുകളും തീറ്റപ്പുല്‍ കൃഷിയിടവും അളക്കാന്‍ തിങ്കളാഴ്ച രാവിലെ സംഘമെത്തിയതോടെ തൊഴിലാളികള്‍ സംഘടിച്ച് തടയുകയായിരുന്നു.
ഫാമിലെ രണ്ട് കുന്നിന്‍പ്രദേശത്താണ് തീറ്റപ്പുല്ല് കൃഷിചെയ്തിട്ടുള്ളത്. ഈ കുന്നുകളും ക്വാര്‍ട്ടേഴ്‌സുകളും നഷ്ടപ്പെട്ടാല്‍ ജഴ്‌സിഫാം പൂട്ടേണ്ടിവരുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ പൂട്ടലിന്റെ വക്കിലെത്തിയ ഫാം ഇപ്പോള്‍ പുനരുജ്ജീവനത്തിന്റെ വഴിയിലാണ്. ഇഗേ്‌നാ കേന്ദ്രം തുടങ്ങുന്നതിന് തങ്ങള്‍ എതിരല്ലെന്നും ഫാമിനായി ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുക്കാമെന്നും തൊഴിലാളികള്‍ അറിയിച്ചു. സര്‍വേ സംഘം വൈകീട്ട് മടങ്ങുന്നതുവരെ തൊഴിലാളികള്‍ ഉപരോധം തുടര്‍ന്നു. അതേസമയം കൂടുതല്‍ സന്നാഹവുമായി ചൊവ്വാഴ്ച സര്‍വേ നടത്തുമെന്നാണ് അധികൃതരുടെ നിലപാട്.