പാലോട്: നന്ദിയോട് ഒാരുക്കുഴിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് ഇടയ്ക്കിടെ വരുന്ന ഫോണ്‍ കോളുകളെ സംബന്ധിച്ചു പല ദിവസങ്ങളിലും അച്ഛനും അമ്മയും തമ്മില്‍ വഴക്കിടാറുണ്ടെന്നു മകന്‍ അനന്ദു മൊഴി നല്‍കിയതായി പാലോട് സിഐ: പ്രദീപ് കുമാര്‍ അറിയിച്ചു. ഇതോടെ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം ഇതില്‍ കേന്ദ്രീകരിച്ചു നീങ്ങുമെന്നാണ് സൂചന.
മൂന്നു മാസത്തിനിടെ ദമ്പതികള്‍ വിളിച്ച ഫോണ്‍കോളുടെ വിവരം നല്‍കാന്‍ പൊലീസ് സൈബര്‍സെല്ലിനു നമ്പര്‍ കൈമാറിയിട്ടുണ്ട്. ഇതു ലഭിക്കുന്നതോടെ അന്വേഷണം ഊര്‍ജിതമാക്കും. സുദര്‍ശനന്‍ തൂങ്ങിനിന്ന മുറിയില്‍ പൊട്ടിയ നിലയിലും സിം കാര്‍ഡ് മാറ്റിയ നിലയിലും മൊബൈല്‍ ഫോണ്‍ കിടന്നതാണു സംശയത്തിനു കാരണമായത്.
അതേസമയം ലതാദേവി പഠിപ്പിച്ചിരുന്ന നന്ദിയോട്ടുള്ള പാരലല്‍ കോളജില്‍ ഇന്നലെ അധ്യാപകരില്‍നിന്നു പൊലീസ് പ്രാഥമിക മൊഴിയെടുപ്പു നടത്തി. ഇവിടെ ഇനിയും മൊഴിയെടുക്കല്‍ തുടരുമെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടികളെ കൂടുതല്‍ ചോദ്യം ചെയുന്നതു കൌണ്‍സലിങ്ങിനുശേഷം മതിയെന്നാണു പൊലീസിന്റെ തീരുമാനം.
മാതാപിതാക്കളുടെ മരണം അറിയാതെ അരുവിക്കരയിലെ ബന്ധുവീട്ടില്‍ കഴിയുന്ന നന്ദനയ്ക്കും ഓരുക്കുഴിയിലെ വീട്ടില്‍ കഴിയുന്ന അനന്ദുവിനും ഇന്നത്തെ സഞ്ചയന ചടങ്ങിനുശേഷം കൌണ്‍സലിങ് നല്‍കും.