വിതുര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
(ഇഗ്‌നോ) യുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഭൂമി സര്‍വേ
പരിശോധിക്കാന്‍ വിതുര അടിപ്പറമ്പ് ജഴ്‌സി ഫാമിലെത്തിയ തഹസില്‍ദാരെ തൊഴിലാളികള്‍
തടഞ്ഞുവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫാമിന്റെ സ്ഥലം
നഷ്ടപ്പെടുമെന്ന് ആശങ്കയുയര്‍ന്നിരുന്നതിനാല്‍ സര്‍വേ സംഘത്തെ തിങ്കളാഴ്ച
തൊഴിലാളികള്‍ തടഞ്ഞിരുന്നു. വിതുര പോലീസും ജില്ലാ, ബ്ലോക്ക്പഞ്ചായത്ത്
പ്രതിനിധികളുമൊക്കെ എത്തിയശേഷമാണ് നെടുമങ്ങാട് തഹസില്‍ദാര്‍ വി.കെ.ഡേവിഡ് ജോണിനെയും
സംഘത്തെയും ഫാം വിട്ടുപോകാന്‍ തൊഴിലാളികള്‍ അനുവദിച്ചത്.
ഇരുപത്തിയഞ്ച് ഏക്കര്‍ ഒറ്റപ്ലോട്ടായി കിട്ടുമെന്ന പ്രതീക്ഷയിലാണ് 'ഇഗേ്‌നാ' ആസ്ഥാനത്തിന് ഭൂമി സര്‍വേ തുടങ്ങിയത്. പക്ഷേ നിര്‍ദിഷ്ടസ്ഥലം അളന്നുതിരിച്ചപ്പോള്‍ എട്ടര ഏക്കറേ ഉണ്ടായിരുന്നുള്ളൂ. ഇതിനോട് ചേര്‍ന്ന സ്ഥലംകൂടി അളന്നുതിരിക്കാന്‍ ശ്രമിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തീറ്റപ്പുല്‍ കൃഷിയിടവും ഫാം ക്വാര്‍ട്ടേഴ്‌സും നഷ്ടപ്പെട്ടാല്‍ ജഴ്‌സിഫാം വീണ്ടും പൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച രാവിലെയാണ് തഹസില്‍ദാര്‍ ഫാമിലെത്തിയത്. നിര്‍ദിഷ്ട ഭൂമി സന്ദര്‍ശിച്ചശേഷം മടങ്ങാനൊരുങ്ങവെയാണ് എല്ലാ യൂണിയനിലുംപ്പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞത്. ഫാമിന്റെ ഭൂമി നഷ്ടപ്പെടില്ലെന്ന് തനിക്ക് ഉറപ്പു നല്‍കാനാവില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചതോടെ തൊഴിലാളികള്‍ കുത്തിയിരുപ്പ് തുടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ജില്ലാ പഞ്ചായത്തംഗം അഡ്വ. ബീന, ബ്ലോക്ക് പഞ്ചായത്തംഗം ദീക്ഷിത്, വിതുര പോലീസ്, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെത്തി.
'ഇഗേ്‌നാ'യ്ക്ക് വേണ്ട സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനമാവുംവരെ സര്‍വേ നിര്‍ത്തിവെക്കാമെന്ന ഉറപ്പ് കിട്ടിയതിനെത്തുടര്‍ന്നാണ് ഡേവിഡ് ജോണിനെയും സംഘത്തെയും പോകാന്‍ അനുവദിച്ചത്. അതേസമയം അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി ജഴ്‌സി ഫാമില്‍ നിന്ന് 'ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്' (ഐസെര്‍) അധികൃതര്‍ അളന്നെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.