പാലോട്: നന്ദിയോട് പച്ച ഓരുകുഴീ തടത്തരികത്ത് വീട്ടില്‍
ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ടെലിഫോണ്‍ നമ്പരുകള്‍ ബന്ധപ്പെടുത്തി നടത്തിയ
അന്വേഷണം വഴിത്തിരിവില്‍. സുദര്‍ശനന്‍ (50), ഭാര്യ ലതാദേവി (42) എന്നിവരാണ് ഈ മാസം
20ന് കൊല്ലപ്പെട്ടത്. ഇതില്‍ സുദര്‍ശനന്‍, ഭാര്യ ലതാദേവിയെ കഴുത്തില്‍
കയര്‍മുറുക്കി കൊലപ്പെടുത്തിയശേഷം വീടിന്റെ ഡൈനിങ് ഹാളില്‍
തൂങ്ങിമരിക്കുകയായിരുന്നു. മക്കളായ അനന്തുവിനെയും നന്ദനയെയും കൊലപ്പെടുത്താന്‍
സുദര്‍ശനന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പാലോട് സി.ഐ. വി.എസ്.പ്രദീപ്കുമാറും സംഘവും നടത്തിയ അന്വേഷണമാണ് വഴിത്തിരിവിലെത്തിയത്. സംഭവം നടന്ന രാത്രി ലതാദേവിയുടെ മൊബൈല്‍ഫോണ്‍ കിടപ്പുമുറിയില്‍ തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. സിംകാര്‍ഡ് കാണാനുണ്ടായിരുന്നില്ല. ഇതില്‍ സംശയംതോന്നിയ പോലീസ്, അന്വേഷണം ആ വഴിക്ക് തിരിച്ചുവിട്ടു. ലതാദേവിയുടെ ഫോണ്‍നമ്പരിലേക്ക് മൂന്നുമാസത്തിനിടയില്‍ വന്ന എല്ലാ കോളുകളും സൈബര്‍സെല്ലിന്റെ സഹായത്തോടെ സംഘം പരിശോധിച്ചു. 90 ദിവസത്തിനുള്ളില്‍ 570 കോളുകളാണ് വന്നത്. ഇതില്‍ ജില്ലയ്ക്ക് പുറത്തുള്ള ഒരു നമ്പരില്‍നിന്ന് മൂന്നുമാസത്തിനിടയില്‍ 180-ലധികം കോളുകള്‍ വന്നു.
കൊലപാതകവും ആത്മഹത്യയും നടക്കുന്ന രാത്രിയിലും ലതാദേവിയുടെ ഫോണിലേക്ക് 10.40 മുതല്‍ 11.20 വരെ ഈ ഫോണില്‍നിന്നും വിളി വന്നിരുന്നു. ഇതായിരിക്കാം സുദര്‍ശനനും ലതാദേവിയും തമ്മിലുള്ള കലഹത്തിനും കൊലപാതകത്തിനും ഇടയാക്കിയതെന്ന് പോലീസ് കരുതുന്നു.
മിസ്ഡ് കോളില്‍കൂടി വളര്‍ന്ന പരിചയം ലതാദേവിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചതായി അന്വേഷണസംഘം കരുതുന്നു. ഇതാണ് ഇവരുടെ കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന അനുമാനത്തിലാണ് പോലീസ്. ഫോണ്‍വിളിയെച്ചൊല്ലി അച്ഛനും അമ്മയും നിരന്തരം വഴക്കിട്ടിരുന്നതായി മകന്‍ അനന്തു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കഴുത്തിന് ആഴത്തില്‍ മുറിവേറ്റ പത്തുവയസ്സുകാരി നന്ദന ചികിത്സയ്ക്കുശേഷം ലതാദേവിയുടെ അനുജത്തിയുടെ വീട്ടിലാണ്. ചൊവ്വാഴ്ച നടന്ന മരണാനന്തര ചടങ്ങുകള്‍ക്കുശേഷം അനന്തുവിനെയും നന്ദനയെയും കൗണ്‍സലിങ്ങിന് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഇത് നടന്നില്ല.