നന്മയുടെ പാഠങ്ങളെത്തിക്കാന്‍ അധ്യാപകനും മകളും
കിളിമാനൂര്‍: ജാലവിദ്യയിലൂടെ സമൂഹത്തിന് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കി വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിച്ച് ഒരധ്യാപകനും മകളും ശ്രദ്ധേയരാകുന്നു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്. എസിലെ മലയാളം അധ്യാപകനും മാന്ത്രികനുമായ ഷാജു കടയ്ക്കലും മകള്‍ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ. യു.പി.സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗോപികയുമാണ് 'മാജിക് വിത്ത് എ മിഷന്‍' എന്ന പരിപാടിയിലൂടെ ജനഹൃദയം കീഴടക്കുന്നത്. എല്ലാ പ്രധാന ദിനാചരണങ്ങളിലും സ്‌കൂളുകളുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ക്കുകയാണിവര്‍.
ജൂണ്‍ ഒന്നിന് കിളിമാനൂര്‍ ബി.ആര്‍.സി.യുടെ ബ്ലോക്ക് തല പ്രവേശനോത്സവത്തില്‍ അന്തരീക്ഷത്തില്‍ നിന്ന് ഒന്നാംക്ലാസ് പാഠപുസ്തകമെടുത്ത് ബി.പി.ഒ. സോമസുന്ദരംപിള്ളയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. 'മതസൗഹാര്‍ദത്തിനും മാനവരാശിക്കും വേണ്ടി ഒരുമരം' എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കടയ്ക്കല്‍ ഗവ.എച്ച്.എസ്.എസില്‍നടന്ന ജാലവിദ്യയില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ.യെ മാന്ത്രികനാക്കിക്കൊണ്ടായിരുന്നു പ്രകടനം. ജാലവിദ്യയില്‍ വിത്ത് മുളപ്പിക്കുകയായിരുന്നു. മുളപ്പിച്ച തൈ സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ നട്ട് പരിപാലിക്കുന്നു.
വായനദിനത്തില്‍ ഷാജു കടയ്ക്കല്‍ മുഖ്യമന്ത്രിയെ മാന്ത്രികനാക്കിക്കൊണ്ട് നിരക്ഷരതയെ നിര്‍മാര്‍ജനം ചെയ്ത് വെള്ളരിപ്രാവിനെ പറത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സ്‌കൂളുകളില്‍ അവതരിപ്പിക്കുന്ന 'വിമുക്ത ലഹരി' എന്ന വിസ്മയം കുട്ടികളുടെ സ്വഭാവ രൂപവല്‍കരണത്തിനുതന്നെ മുതല്‍കൂട്ടായിമാറിയിട്ടുണ്ട്. ഹിരോഷിമാ- നാഗസാക്കി ദിനാചരണങ്ങളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ ഈ അച്ഛനും മകളും ജാലവിദ്യയുമായി സഞ്ചരിക്കുകയുണ്ടായി.
പകര്‍ച്ചപ്പനി വ്യാപകമായപ്പോള്‍ ബോധവത്കരണ ദൗത്യം സ്വയംഏറ്റെടുത്ത് ഈ അധ്യാപകന്‍ തെരുവോരങ്ങളില്‍ ജാലവിദ്യ അവതരിപ്പിച്ചു. 2006-07 കാലഘട്ടത്തില്‍ കോളറയ്ക്കും ചിക്കുന്‍ ഗുനിയയ്ക്കും എതിരെ ആയിരത്തിലധികം വേദികളില്‍ ഷാജു കടയ്ക്കല്‍ ജാലവിദ്യ അവതരിപ്പിക്കുകയുണ്ടായി.
ജാതിമത ഭാഷാ ഭേദങ്ങള്‍ക്കുമപ്പുറം ഇന്ത്യക്കാര്‍ ഒന്നാണെന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഗോപിക വേദികളിലെത്തുമ്പോള്‍ ജനം ജാലവിദ്യയുടെ പുത്തന്‍ ഭാവങ്ങളാണനുഭവിക്കുന്നത്. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ആത്മവിശ്വാസം പകരാനായി വിവിധ ആസ്പത്രികളിലെ കീമോ തെറാപ്പി, ഡയാലിസിസ് യൂണിറ്റുകളില്‍ അവതരിപ്പിച്ച 'കോണ്‍ഫിഡന്‍സ് ത്രൂ മാജിക്' ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാജാരവിവര്‍മയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് കാഴ്ചക്കാര്‍ മനസ്സില്‍ വിചാരിക്കുന്ന രവിവര്‍മ്മ ചിത്രം കണ്ണാടിയില്‍ തെളിയിച്ച് മായക്കണ്ണാടി എന്ന വിസ്മയം ഷാജു ഒരുക്കി. മദ്യവിരുദ്ധ സമൂഹത്തിന്റെ നിര്‍മിതിക്കായി ഷാജു നിരവധി വേദികളില്‍ ജാലിവിദ്യ അവതരിപ്പിച്ചിട്ടുണ്ട്.
കുണ്ടുംകുഴിയും നിറഞ്ഞ ഗ്രാമീണ പാതയിലൂടെ 80 കിലോമീറ്റര്‍ ദൂരം 80 കിലോമീറ്റര്‍ വേഗതയില്‍ കണ്ണുകെട്ടി ബൈക്കോടിച്ചുകൊണ്ടാണ് ഷാജു കടയ്ക്കല്‍ മാന്ത്രിക ലോകത്തെത്തിയത്. ഒരാള്‍ ഒരേസമയംമൂന്നിടത്ത് പ്രത്യക്ഷപ്പെടുന്നതും അഞ്ചരയടി ഉയരമുള്ള യുവാവിനെ തുറന്നവേദിയില്‍ രണ്ടടി മാത്രമുള്ള കുള്ളനാക്കിയതും ഷാജു കടയ്ക്കലിന്റെ കിരീടത്തിലെ പൊന്‍തൂവലുകളാണ്.
മൂന്നാം വയസ്സിലാണ് ഗോപിക മാന്ത്രിക വേഷമണിഞ്ഞ് ആദ്യമായി വേദിയിലെത്തിയത്. ഇതിനോടകം നൂറിലധികം വേദികളില്‍ ജാലവിദ്യകാട്ടി.മന്ത്രിയായിരുന്ന എം.വിജയകുമാറിനെ മാന്ത്രികനാക്കി അക്രമത്തിനും അഴിമതിക്കും എതിരെ ഗോപിക തീര്‍ത്ത വിസ്മയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ സമൂഹത്തില്‍ ഒരുപാട് കടമകളുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ഷാജുവിന്റെയും മകളുടെയും പ്രകടനം.